
നടി അൻസിബയെ ജിഹാദിയെന്ന് വിളിച്ച പരാതിയിൽ നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്‌തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ടിനി ടോം പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഈ കേസിൽ മൊഴി നൽകാൻ നടിമാരായ നീന കുറുപ്പ്, ശ്വേതാ മേനോൻ എന്നിവരും എത്തിയിരുന്നു. ഇവരുടെ മൊഴികൾ കേസന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റ് നടപടികൾ ഒഴിവാക്കുന്നതിനായി ടിനി ടോം എറണാകുളം സ്പെഷ്യൽ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു.
നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിൻ്റെ മൊഴിയിലുണ്ടായിരുന്നു.
ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് തമാശയ്ക്കാണെന്ന കടവന്ത്ര പോലീസിൻ്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ടിനി ടോമിനെതിരെ അന്വേഷണത്തിന് നിർദേശിച്ചത്.
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ജിഹാദി എന്നുവിളിച്ച് വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി. ടിനി ടോമിന്റെ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്ന് അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടി. അൻസിബയ്ക്കെതിരെ പരസ്യമായി അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്‌സ് സെന്ററിൽ അമ്മ കുടുംബയോഗത്തിൻ്റെ ഭാഗമായി നടന്ന റിഹേഴ്സലിനിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള വാക്കുകൾ സംസാരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ള സുപ്രധാന വിവരം. അൻസിബയെ ജിഹാദിയെന്നും മതതീവ്രവാദിയെന്നും ടിനി ടോം വിളിച്ചു. അതിനുപുറമേ അൻസിബ ഇത്തരക്കാരിയാണെന്ന് താരസംഘടനയിലെ മറ്റംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത് അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും അവർക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും FIR-ലുണ്ട്.