“ആരാണ് ആ ‘കുറ്റാരോപിതർ’?, വിശദീകരണം നൽകാനുള്ള ഉത്തരവാദിത്വം ശ്വേതക്കുണ്ട്”; മാലാ പാർവതി

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളിൽ നടിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശ്വേത മേനോന് മറുപടിയുമായി നടി മാലാ പാർവതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായവർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി തന്നെ വ്യക്തിപരമായി അപമാനിക്കാനും പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയാണെന്ന് ശ്വേത മേനോൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് മാലാ പാർവതി രംഗത്തെത്തിയത്.

ശ്വേത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ക്രിമിനലുകളെന്ന് ഉദ്ദേശിച്ച കുറ്റാരോപിതർ ആരാണെന്ന് വ്യക്തമാക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു. ഇത്തരക്കാരെ കൃത്യമായി ചൂണ്ടിക്കാണിക്കാതെ നടത്തുന്ന പ്രസ്താവനകൾ കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവെക്കുമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണരൂപം;

ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ ‘പ്രസിഡന്റായ’ ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ “കുറ്റാരോപിതർ” ആരൊക്കെയാണ്? എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല.

മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല. അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്? അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ, മാലാ പാര്‍വതി കുറിച്ചു.