‘അമ്മ’യുടെ തലപ്പത്ത് ഹേമാ കമ്മിറ്റി കുറ്റാരോപിതർ വരില്ല, പോരാട്ടം പവർ ഗ്രൂപ്പിനെതിരെ: ശ്വേതാ മേനോൻ

','

' ); } ?>

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്നവർ ഒരിക്കലും താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വരില്ലെന്ന് ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതരായ ‘പവർ ഗ്രൂപ്പ്’ തന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിശദീകരണത്തിൽ ശ്വേത ആരോപിച്ചു.

സംഘടനയിലെ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതാണ് തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് കാരണമെന്ന് ശ്വേത വ്യക്തമാക്കുന്നു. യഥാർഥ വിഷയങ്ങൾ മറച്ചുവെച്ച് നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. മുൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ തന്നെ അപമാനിച്ചു പുറത്താക്കാൻ ഈ സംഘം ശ്രമിച്ചിരുന്നു. രമേശ് പിഷാരടി ഉൾപ്പെടെയുള്ളവർ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ പോലും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും, ഇത്തരം ഭീഷണികൾക്ക് മുന്നിൽ നിശ്ശബ്ദയാകാനോ കീഴടങ്ങാനോ തയ്യാറല്ലെന്നും നടി കൂട്ടിച്ചേർത്തു.

തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും ശ്വേത മറുപടി നൽകി. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥിയെ കിട്ടാൻ തനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണം അയുക്തികമാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമുണ്ടെങ്കിൽ അത് തുറന്നുപറയാൻ മടിയില്ല. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കരുതെന്നും ജാതിമതങ്ങൾക്കതീതമായാണ് മലയാളി കലാകാരന്മാരെ സ്നേഹിച്ചതെന്നും അവർ ഓർമ്മിപ്പിച്ചു.

മോഹൻലാലിന് ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത് ഈ പവർഗ്രൂപ്പ് കാരണമാണെന്നും, ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവർഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെങ്കിലും അവരെ അംഗങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ ഏതറ്റം വരെയും പോരാടുമെന്നും ശ്വേത വ്യക്തമാക്കി.