
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടനും നിർമാതാവുമായ സൊഹൈൽ ഖാൻ. ഒരു ടോക്ക് ഷോയിലാണ് നാണക്കേട് ഭയന്ന് വർഷങ്ങളോളം ഉള്ളിലൊതുക്കിയ ആ ദുരനുഭവം താരം വെളിപ്പെടുത്തിയത്.
വളർന്നു വലുതായ ശേഷമാണ് താൻ ഇക്കാര്യം അച്ഛനോട് തുറന്നുപറഞ്ഞതെന്നും, അത് കേട്ടപ്പോൾ ഇത്രയും കാലം ഇത് ഉള്ളിൽ ഒതുക്കിവെച്ചോ എന്നായിരുന്നു അച്ഛന്റെ ചോദ്യമെന്നും സൊഹൈൽ ഖാൻ ഓർത്തെടുത്തു. തെറ്റ് തന്റെ ഭാഗത്തല്ലായിരുന്നിട്ടും അന്ന് പറയാൻ വലിയ നാണക്കേട് തോന്നിയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്, എന്ത് പ്രശ്നമുണ്ടായാലും തന്നോട് തുറന്നുപറയണമെന്ന് മക്കളോട് എപ്പോഴും ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി.
റാഗിങ്ങിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും, ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ ആരോടും പറയാൻ മടിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്നും സൊഹൈൽ ഖാൻ കൂട്ടിച്ചേർത്തു.