‘നരസിംഹം’ റീ-റിലീസിനില്ല; ലക്ഷ്യം ചാരിറ്റി: മനസ്സ് തുറന്ന് ഷാജി കൈലാസ്

','

' ); } ?>

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ ‘നരസിംഹം’ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യേണ്ടതില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ റീ-റിലീസ് സാധ്യതകളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. ചിത്രം കാണാത്ത മലയാളികൾ ഇല്ലെന്നും പലതവണ ആവർത്തിച്ചു കണ്ട സിനിമയായതിനാൽ റീ-റിലീസ് ചെയ്യുന്നതിലും നല്ലത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ ഇതിനോടകം തന്നെ 4K പതിപ്പിലേക്ക് മാറ്റി തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി ഷാജി കൈലാസ് വെളിപ്പെടുത്തി. എന്നാൽ ഇത് സാധാരണ രീതിയിൽ റിലീസ് ചെയ്യുന്നതിന് പകരം, കാൻസർ രോഗികൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രീമിയം ടിക്കറ്റുകൾ വെച്ച് പ്രദർശിപ്പിക്കാനാണ് താൻ നിർദ്ദേശിച്ചതെന്നും, ആന്റണി പെരുമ്പാവൂർ ആ ആശയത്തോട് പോസിറ്റീവായാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ വലിയ ട്രെൻഡ് സെറ്ററായ ‘നരസിംഹം’ 2000-ൽ ആണ് തീയറ്ററുകളിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചത് രഞ്ജിത്ത് ആണ്. മോഹൻലാൽ ‘പൂവള്ളി ഇന്ദുചൂഡൻ’ എന്ന മാസ് കഥാപാത്രമായി തകർത്താടിയ സിനിമ അക്കാലത്തെ കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചിരുന്നു. തിലകൻ, എൻ.എഫ് വർഗീസ്, ജഗതി ശ്രീകുമാർ, ഐശ്വര്യ, കനക, സ്ഫടികം ജോർജ് തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട മാസ് സിനിമകളുടെ പട്ടികയിൽ മുൻപന്തിയിലാണ്. തമിഴിലും ഹിന്ദിയിലും പരീക്ഷിച്ച് വിജയിച്ച റീ-റിലീസ് ട്രെൻഡ് മലയാളത്തിലും സജീവമാകുന്ന പശ്ചാത്തലത്തിലാണ് ‘നരസിംഹ’ത്തെക്കുറിച്ചുള്ള സംവിധായകന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.