
‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം സംവിധായകൻ ആധിക് രവിചന്ദ്രനൊപ്പം പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങി തമിഴ് സൂപ്പർ താരം അജിത് കുമാർ. പൂർണമായും ഒരു കൊമേർഷ്യൽ എൻ്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം ശാലിനി അജിത് കുമാർ ആണ് അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ സെൻസേഷൻ അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആധിക് രവിചന്ദ്രന്റെ സംവിധാനത്തിൽ അജിത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ, നിർമാണത്തിൽ അജിത് നേരിട്ട് പങ്കാളിയാകുന്നു എന്നത് ആരാധകർക്കിടയിലും സിനിമാ ലോകത്തും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻചിത്രത്തേക്കാൾ മികച്ച ഒരു തിയേറ്റർ അനുഭവം തന്നെയാകും ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.
ഏപ്രിൽ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമായിരുന്നു ചിത്രത്തിലെ നായികമാർ. പ്രഭു, അർജുൻ ദാസ്, പ്രസന്ന,സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി, ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോംചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ്, ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാർ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം, ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത്
സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ നേരത്തെ വൈറലായിരുന്നു. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നത്. നിലവിൽ അജിത്തിൻ്റെ പ്രതിഫലം തമിഴ്നാട്ടിലെ നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എൻ്റർടൈൻമെൻ്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെൻ്റ്സ് എന്നിവർ നിർമിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ അവർക്ക് അത്തരം വലിയ റിസ്കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും അവർ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി. 110 മുതൽ 120 കോടി വരെയാണ് അജിത്തിൻ്റെ പ്രതിഫലം.