ജാമ്യം നൽകാൻ തക്ക സാഹചര്യങ്ങളില്ല; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിലെ ന്നാംപ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. കേസിൽ വ്യാഴാഴ്‌ച ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ജാമ്യം നൽകാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടി കാണിച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

‘സെഷൻസ് ജഡ്‌ജി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ, സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാൻ കോടതിക്ക് കഴിയില്ല. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു’, കോടതി വ്യക്തമാക്കി.

അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നതെന്നും വാദിച്ചു.

ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നതിൻ്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ അതിജീവിതയും അപ്പീൽ ഫയൽ ചെയ്യുമെന്ന് അറിയിച്ചു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്പെൻഡ് ചെയ്‌ത്‌ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യം. വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്നും ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു പൾസർ സുനിയുടെ വാദം.

എന്നാൽ പ്രതിയുടെ സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു.