റിലീസിനൊരുങ്ങി നിൽക്കെ ജനനായകൻ’ സെന്‍സര്‍ പോസ്റ്റര്‍ പങ്കുവച്ച് ‘നടന്‍ വിജയ്’

','

' ); } ?>

സെൻസർ ബോർഡിന്റെ വിലക്കുകൾക്കും നീണ്ട അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ ഈ മാസം അവസാനം തിയേറ്ററുകളിലേക്ക്. ചിത്രത്തിന് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പുതിയ പോസ്റ്ററിനൊപ്പം വിജയ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഏപ്രിൽ ഒന്നിന് ശേഷം വിജയ്‌യുടെ അക്കൗണ്ടിൽ നിന്നുവരുന്ന ആദ്യ പോസ്റ്റാണിത്. ‘തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ജനനായകൻ’ എന്നാണ് പുതിയ പോസ്റ്ററിൽ സിനിമയുടെ പേരിനൊപ്പം നൽകിയിരിക്കുന്നത്.

സിനിമയിൽ നിന്നും പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ടി.വി.കെ സ്ഥാപകൻ കൂടിയായ വിജയ്‌യുടെ ജനനായകൻ കഴിഞ്ഞ ജനുവരി 9-ന് തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ ടി.വി.കെയുടെ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് സർട്ടിഫിക്കറ്റ് നൽകാൻ അന്ന് സെൻസർ ബോർഡ് വിസമ്മതിക്കുകയായിരുന്നു. സംഭാഷണങ്ങളിലും ചില ഭാഗങ്ങളിലും മാറ്റം വരുത്തണമെന്ന നിർദ്ദേശം പാലിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെയാണ് ചിത്രത്തിന് ഇപ്പോൾ പ്രദർശനാനുമതി ലഭിക്കുന്നത്. സ്വന്തം സിനിമ വിലക്കിയ സർക്കാരിനെ താഴെയിറക്കി വിജയ് നടത്തിയ ഈ മുന്നേറ്റം സിനിമയെ വെല്ലുന്ന പ്രതികാരമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

അതേസമയം, ചിത്രത്തിന്റെ സെൻസറിങ് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ എച്ച്.ഡി പതിപ്പ് എഡിറ്റിങ് ടേബിളിൽ നിന്ന് ചോർന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ഫിലിം എഡിറ്റർ പ്രദീപ് ഇ. രാഘവനെ സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

500 കോടി രൂപ ബജറ്റിൽ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാതാക്കൾ. നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാലോകവും ആരാധകരും ജനനായകന്റെ റിലീസിനായി കാത്തിരിക്കുന്നത്.