ചെക്ക് കേസിൽ നടൻ രാജ്‌പാൽ യാദവ് കുറ്റക്കാരൻ; വിധി ശരിവെച്ച് ഡൽഹി ഹൈക്കോടതി

','

' ); } ?>

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവിധ ചെക്ക് കേസുകളിൽ ബോളിവുഡ് നടൻ രാജ്‌പാൽ യാദവ് കുറ്റക്കാരനാണെന്ന വിധി ഡൽഹി ഹൈക്കോടതി ശരിവച്ചു. എന്നാൽ, വിചാരണ കോടതി വിധിച്ച ആറ് മാസത്തെ തടവുശിക്ഷ ഹൈക്കോടതി മൂന്ന് മാസമായി ഇളവ് ചെയ്തു. തടവുശിക്ഷയ്ക്ക് പുറമെ കോടിക്കണക്കിന് രൂപ പരാതിക്കാരന് നൽകാനും ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

നടനെതിരെയുള്ള ഏഴ് കേസുകളിലും മൂന്ന് മാസം വീതം സാധാരണ തടവാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഈ ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. എന്നാൽ, ഏഴ് കേസുകളിലുമായി പരാതിക്കാരന് 1.05 കോടി രൂപ വീതം രാജ്‌പാൽ യാദവ് നൽകണം. കൂടാതെ, നടന്റെ ഭാര്യ രാധാ യാദവ് ഓരോ കേസിലും 5.51 ലക്ഷം രൂപ വീതം പിഴയൊടുക്കാനും നിർദേശമുണ്ട്. താരം ഇതിനകം കോടതിയിൽ കെട്ടിവെച്ച ഏകദേശം 2.25 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിച്ച് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് പ്രകാരം ശിക്ഷയിൽ ഇളവ് നൽകണമെന്ന രാജ്‌പാൽ യാദവിന്റെ ആവശ്യം കോടതി തള്ളി. പണം തിരികെ നൽകാമെന്ന് കോടതിയിൽ പലതവണ ഉറപ്പ് നൽകിയിട്ടും അത് പാലിക്കാൻ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആനുകൂല്യം നിഷേധിച്ചത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനായി നടന് രണ്ട് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘അട്ടാ പട്ടാ ലാപ്പതാ’ എന്ന ചിത്രത്തിന്റെ നിർമാണത്തിനായി ‘മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ നടൻ കടുത്ത സാമ്പത്തിക ബാധ്യതയിലായി. പലിശയടക്കം ഈ വായ്പാത്തുക ഒൻപത് കോടി രൂപയോളമായി ഉയർന്നു. ഈ കടം തിരിച്ചടയ്ക്കുന്നതിനായി നടൻ നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികളിലേക്ക് കടന്നത്.