
ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ പ്രകാശ് രാജിനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദിലീപ് ആണ് പരാതി നൽകിയത്. ഹൽസൂർ പോലീസ് സ്റ്റേഷനിൽ ആദ്യം നൽകിയ പരാതി നടപടിയാകാത്തതിനെ തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. എന്നിട്ടും നടപടിയാകാത്തതിനെ തുടർന്ന് അദ്ദേഹം ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.
നിലവിൽ ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. അറസ്റ്റ് നടപടികളിലേക്ക് എത്തും മുൻപ് തന്നെ ജാമ്യം ലഭിച്ചത് പ്രകാശ് രാജിന് വലിയ ആശ്വാസമായി. അതേസമയം, ഈ വിഷയത്തിൽ നിയമപരമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.