“എനിക്ക് വട്ടാണെന്ന് പറയുന്നവരുടെ നിലവാരം ചിന്തിക്കണം, അന്ന് കുടുംബത്തിന് മനസ്സിലായില്ല, ഇന്ന് ചില മലയാളികൾക്കും”; ലെന

','

' ); } ?>

സ്പിരിച്വാലിറ്റിയെ കുറിച്ച് തുറന്നു സംസാരിച്ചതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും നേരിട്ടതിൽ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ ലെന. എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണെന്ന് തിരിച്ചറിയാൻ പോലും വലിയ രീതിയിലുള്ള പക്വത ആവശ്യമാണെന്നും, ആദ്യ ഭർത്താവിനോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ കുടുംബം ഇടപെട്ട് തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ നിർദ്ദേശിച്ചതായും ലെന പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ആദ്യ ഭർത്താവിനോട് ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് അത് റിലേറ്റഡ് ആയി തോന്നിയില്ല, തുടർന്ന് കുടുംബം ഇടപെട്ട് ന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ നിർദ്ദേശിച്ചു. ഞാൻ പറയുന്നത് അവർക്ക് മനസ്സിലാകാത്തതുകൊണ്ടാണ് അന്ന് അങ്ങനെ സംഭവിച്ചത്. ആദ്യമായി ഈ വിഷയങ്ങളെക്കുറിച്ച് പരസ്യമായി സംസാരിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞതും ഇതേ കാരണത്താലാണ്. അന്ന് കുടുംബത്തിനാണ് മനസ്സിലാകാത്തതെങ്കിൽ ഇന്ന് അത് ഒരുപറ്റം മലയാളികൾക്കാണ് മനസ്സിലാകാത്തത്. എല്ലാവരും ഒരേ മാനസിക തലത്തിലോ ഫ്രീക്വൻസിയിലോ അല്ല ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും മനസ്സിലാകുമെന്ന് കരുതിയല്ല ഞാൻ സംസാരിക്കുന്നത്. ഒരു കാര്യം മനസ്സിലാകാത്തതിന്റെ പേരിൽ മറ്റൊരാൾക്ക് ‘വട്ടാണ്’ എന്ന് പറയുന്നവരുടെ നിലവാരം എന്താണെന്ന് ചിന്തിക്കണം.” ലെന പറഞ്ഞു.

“ഇത്തരത്തിൽ അടച്ചാക്ഷേപിക്കുന്നവർ സ്വന്തം നിലവാരമില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം കമന്റുകളെക്കുറിച്ച് ആലോചിച്ച് താൻ ബോധവതിയാകേണ്ട കാര്യമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചല്ല ഞാൻ ജീവിക്കുന്നത്. ഞാൻ എഴുതിയ പുസ്തകം പൊതുവിപണിയിലാണ് ഇറക്കിയത്. ഇന്റർനെറ്റ് ഒരു പൊതുമേഖലയായതുകൊണ്ട് തന്നെ അത് എല്ലാവരിലും എത്തും. ആവശ്യമുള്ളവർ അത് സ്വീകരിക്കട്ടെ, മനസ്സിലാകാത്തവർ അത് വിട്ടേക്കുകയാണ് വേണ്ടത്. പക്വതയില്ലാത്ത മനുഷ്യർ പറയുന്ന കാര്യങ്ങൾ കേട്ട് ഞാൻ അസ്വസ്ഥയാകേണ്ട കാര്യമില്ല.” ലെന കൂട്ടിച്ചേർത്തു.