
യൂറോപ്യൻ വേദിയിൽ വിസ്മയം തീർത്ത ലാലേട്ടൻ ഷോയ്ക്ക് പിന്നാലെ, വൈറലായി നടൻ മോഹൻലാലിനെക്കുറിച്ച് നടനും നർത്തകനുമായ റംസാൻ അബ്ദുൽ റഹ്മാൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പ്. മലയാളത്തിന്റെ വിസ്മയത്തിന് വേണ്ടി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് റംസാൻ കുറിച്ചു. കൂടാതെ പ്രായ വ്യത്യാസമില്ലാതെ, ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് മോഹൻലാൽ ഓരോ ചുവടുകളും പഠിച്ചെടുത്തതെന്നും റംസാൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
റംസാന്റെ കുറിപ്പിന്റെ പൂർണരൂപം;
“ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു കലാകാരൻ എന്ന നിലയിൽ പ്രകടനം കാഴ്ചവെക്കുമ്പോഴെല്ലാം എനിക്ക് വലിയ സന്തോഷം ലഭിക്കാറുണ്ട്. കാണികളുടെ ആവേശവും പ്രതികരണങ്ങളും അവർ നൽകുന്ന സ്നേഹവും ഓരോ പ്രകടനത്തെയും അവിസ്മരണീയമാക്കുന്നു. എന്നാൽ ഇത്തവണത്തെ സന്തോഷം വേറെ ലെവൽ ആയിരുന്നു.
ഇതിഹാസതാരമായ മോഹൻലാൽ സാറിനൊപ്പം ഒരേ വേദി പങ്കിടാനും, അദ്ദേഹത്തിന് വേണ്ടി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്താനും (choreography) എനിക്ക് ഭാഗ്യമുണ്ടായി. എന്നെന്നും ഞാൻ ഓർത്തിരിക്കുന്ന ഒരു അവസരമാണിത്. എല്ലാറ്റിനുമുപരിയായി, റിഹേഴ്സൽ സമയത്ത് ലാൽ സാറിനെ നിരീക്ഷിച്ചതാണ് ഞാൻ ഏറ്റവും ആസ്വദിച്ചത്. കാര്യങ്ങൾ പഠിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ഒരു കുട്ടിയുടെ കൗതുകത്തോടും ആവേശത്തോടുമാണ് അദ്ദേഹം ഓരോ ചുവടിനെയും സമീപിച്ചത്; അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കേൾക്കുകയും ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, തന്റെ ആദ്യത്തെ പാഠം പഠിക്കുന്നതുപോലെ ഓരോ ചലനവും പഠിച്ചെടുക്കുകയും ചെയ്തു.
ഇതിനെ കൂടുതൽ പ്രചോദനാത്മകമാക്കുന്നത് എന്തെന്നാൽ, പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും അപാരമായ അറിവും ഈ കലയിൽ അതുല്യമായ പ്രാവീണ്യവുമുള്ള വ്യക്തിയാണ് മോഹൻലാൽ സാർ എന്നതാണ്. എന്നിട്ടും, ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ചിട്ടും, ഒരു തുടക്കക്കാരന്റെ വിനയത്തോടും ആകാംക്ഷയോടും കൂടി അദ്ദേഹം ഇപ്പോഴും പഠിക്കാൻ തയ്യാറാകുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു ‘ലെജൻഡ്’ എന്ന് വിളിക്കപ്പെടുന്നത്. ഈ അവിസ്മരണീയമായ അനുഭവത്തിന് നന്ദി, ലാലേട്ടാ.”
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വലിയ ട്രെൻഡിങ് ആയിരുന്നു മോഹൻലാലും സംഘവും ചേർന്നവതരിപ്പിച്ച യൂറോപ്യൻ ടൂർ. ഷോയിൽ നിന്നുള്ള ഓരോ വീഡിയോകൾക്കും ആരാധകർക്കിടയിൽ നിന്ന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഷോയുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് റംസാൻ രംഗത്തെത്തിയത്. ലാലേട്ടനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തെ നൃത്തം പഠിപ്പിക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് താരം. ഈ പ്രായത്തിലും കലയോടുള്ള മോഹൻലാലിന്റെ സമർപ്പണത്തെയും വിനയത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് റംസാന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.