“മാധ്യമങ്ങൾക്ക് മുന്നിൽ രാജി നാടകം കളിച്ച് നിലപാട് മാറ്റുന്നു, പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടാൻ നിൽക്കരുത്”; ഗണേഷ് കുമാർ

','

' ); } ?>

‘അമ്മ സംഘടനയിലെ വിവാദങ്ങൾക്ക് പിന്നാലെ രാജി പ്രഖ്യാപിച്ചെങ്കിലും രാജി സമർപ്പിക്കാത്ത നടി ശ്വേതാ മേനോന്റെ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് നടനും താൽക്കാലിക കമ്മിറ്റി ഭാരവാഹിയുമായ കെ. ബി. ഗണേഷ് കുമാർ. പാവപ്പെട്ട കലാകാരന്മാരുടെ ജീവിതം വച്ചാണ് ഇവർ കളിക്കുന്നതെന്നും, ഒപ്പുകളില്ലാത്ത ചെക്കുകളും അപാകതകൾ നിറഞ്ഞ സാമ്പത്തിക കണക്കുകളുമായി സംഘടനയെ കടുത്ത പ്രതിസന്ധിയിലാക്കിയ മുൻ ഭരണസമിതി, മാധ്യമങ്ങൾക്ക് മുന്നിൽ രാജി നാടകം കളിച്ച് ഇപ്പോൾ നിലപാട് മാറ്റുന്നത് കേരളത്തിലെ പൊതുസമൂഹത്തെയും മാധ്യമങ്ങളെയും ഒരേപോലെ പറ്റിക്കുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. കൂടാതെ സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നോക്കാതെയും ഓഫിസ് ക്യാബിനുകൾ പൂട്ടി താക്കോലുമായി മുങ്ങിയും പ്രതിസന്ധി സൃഷ്ടിക്കുന്നവർ കോടതിയിൽ പോയാലും നേരിടാൻ തയാറാണെന്നും, എന്നാൽ അത് പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്ന തരത്തിലാകരുതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷ് കുമാറിന്റെ വാക്കുകൾ:

‘അമ്മ’യിൽ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത വലിയൊരു പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. കാരണം ഒരു ചെക്കിൽ ഒപ്പിടുന്നത് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരാണ്. പക്ഷേ ഈ മൂന്നു പേരും ഇപ്പോൾ ഇല്ല. ട്രഷറർ നേരത്തെ തന്നെ വേണ്ട എന്ന് വച്ചു പോയതാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തെ ഇതിൽ സഹകരിപ്പിക്കുന്നില്ല എന്നാണ്. ജനറൽ ബോഡിയിൽ വന്നപ്പോ തന്നെ ഭൂരിപക്ഷത്തോടെ സംഘടനയുടെ

അക്കൗണ്ട്സ് തള്ളിപ്പോയി. കാരണം അക്കൗണ്ട്സ് പ്രോപ്പർ അല്ല എന്ന് മാത്രമല്ല, അക്കൗണ്ട്സിൽ ഈ മൂന്നുപേരുടെ ഒപ്പില്ലായിരുന്നു. ‘ഞാൻ ഇതിൽ ഒപ്പിട്ടിട്ടില്ല, ഞാൻ ഇതിന് ഉത്തരവാദിയല്ല’ എന്ന് ട്രഷറർ പറയുകയും കൂടെ ചെയ്തതോടെ അംഗങ്ങൾ അക്കൗണ്ട്സ് തള്ളി. അക്കൗണ്ട്സ് തള്ളിയപ്പോ തന്നെ ഓഡിറ്ററും പറഞ്ഞു അക്കൗണ്ട്സ് കറക്റ്റ് അല്ല, പൂർണ്ണമല്ല എന്ന് ജനറൽ ബോഡിയിൽ വെച്ച് പരസ്യമായി സമ്മതിച്ചു. അപ്പോൾ തന്നെ ആ സംഘടനയുടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ടു.

ഭൂരിപക്ഷം പോയതിനു ശേഷം ഭരണസമിതിക്കെതിരെ ഒരു അവിശ്വാസ പ്രമേയം വന്നു. അത് ചർച്ചയ്ക്ക് എടുക്കുന്നതിനു മുൻപേ പ്രസിഡന്റ് പറയുന്നു “ഞങ്ങൾ രാജിവയ്ക്കുന്നു, ഞങ്ങൾ ഒഴിയുന്നു”. അങ്ങനെ പറഞ്ഞ് ഇറങ്ങി പുറത്തുവന്ന് മാധ്യമങ്ങളോട് എന്താണ് പറഞ്ഞത്? കുക്കു പരമേശ്വരൻ ഇന്ന് സംസാരിക്കുന്നതു വരെ ഞങ്ങളെല്ലാവരും കരുതിയിരുന്നത് ഇവർ രാജിവച്ചു എന്നാണ്. മല്ലിക സുകുമാരൻ രാജി കൊടുത്തു എന്ന് പത്രക്കാരോട് പറഞ്ഞു, അതേപോലെ അവർ കൊടുത്തു. ഏതൊരു സൊസൈറ്റിയിലും അടിസ്‌ഥാനപരമായി എടുക്കുന്ന അന്തിമ തീരുമാനം ജനറൽ ബോഡിയുടേതാണ്. ജനറൽ ബോഡിയുടെ തീരുമാനത്തെ നിരസിക്കാൻ ഒരു സംഘടനയ്ക്കും കഴിയത്തില്ല. എന്തുതന്നെ ബൈലോയിൽ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനറൽ ബോഡി എടുക്കുന്ന ഏതു തീരുമാനം ആയാലും അതാണ് വാലിഡ്. “ഈ കെട്ടിടം അങ്ങ് വിൽക്കാം അല്ലെങ്കിൽ പൊളിക്കാം” എന്ന് ജനറൽ ബോഡിക്ക്

തീരുമാനിക്കാം; ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഒരു വ്യക്തിക്കോ ഒരു ഭാരവാഹിക്കോ അത് തീരുമാനിക്കാൻ പറ്റില്ല. പക്ഷേ ജനറൽ ബോഡിക്ക് എന്തുതരം തീരുമാനങ്ങൾ എടുക്കാനും അധികാരമുണ്ട്. കൃത്യമായി നോട്ടീസ് കൊടുത്തു വിളിച്ചുകൂട്ടിയ ജനറൽ ബോഡിയിലാണ് ഈ സംഭവം പറയുന്നതും, ഞങ്ങൾ കുറച്ചു പേരെ ഇതിൻ്റെ ചുമതല ഏൽപ്പിക്കുന്നതും. ജനറൽ ബോഡിയുടെ മുന്നിൽ അവരുടെ ഭൂരിപക്ഷം നഷ്ട‌പ്പെട്ടു. അവിശ്വാസപ്രമേയത്തിലേക്ക് പോകേണ്ടതില്ല, ഭൂരിപക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അപ്പോ തന്നെ പ്രസിഡൻ്റ് ഞങ്ങൾ രാജി വയ്ക്കുന്നു എന്ന് പറഞ്ഞു. കമ്മിറ്റിക്കെതിരെ ആണ് അവിശ്വാസം, ശ്വേതാ മേനോൻ എന്ന വ്യക്തിക്കെതിരെ അവിശ്വാസം ഒന്നുമില്ല. ആ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾ രാജി വയ്ക്കുകയാണെന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർഥം?

ഞാൻ ഇതൊക്കെ വിട്ടു പോയതാണ്. ഒൻപത് വർഷങ്ങൾക്ക് മുമ്പ് “അമ്മയിൽ ഇനി ഇലക്ഷനിൽ നിൽക്കുന്നില്ല” എന്ന് പറഞ്ഞു ഞാൻ പോയതാണ്. പക്ഷെ എന്നെ ഈ കമ്മിറ്റിയിൽ എടുത്തു വച്ചപ്പോൾ എന്താ ഞാൻ വരാൻ കാരണം? ഇത് നശിക്കരുത് എന്നുള്ള ആഗ്രഹം കൊണ്ടാണ്. ഇത് ഒരുപാട് പാവങ്ങളുടെ ഒരു ആശ്രയ കേന്ദ്രമാണ്. ഒരുപാട് വിഷമിക്കുന്ന അമ്മമാരുണ്ട്, അവരെ വഴിയാധാരമാക്കരുത് എന്ന് വിചാരിച്ചു മാത്രമാണ് ഞാൻ വന്നത്. ഞാൻ ഒൻപത് വർഷം മുമ്പ് എൻ്റെ സ്വന്തം ഇഷ്‌ടപ്രകാരം ഇനി ഇതിനകത്തേക്ക് ഇല്ല, ഞാൻ ഒരു അംഗമായിട്ടിരിക്കാം എന്ന് പറഞ്ഞു പോയ ആളാണ്. കഴിഞ്ഞ മൂന്ന് ഇലക്ഷനിൽ ഞാൻ മത്സരിച്ചിട്ടില്ല, ഞാൻ മത്സരിക്കാതെ മാറിനിന്നു. പക്ഷേ അതുവരെയുള്ള എല്ലാ കമ്മിറ്റികളിലും അംഗമായിരുന്നു. ഈ ഇരിക്കുന്ന, ഉദ്ഘാടനം ചെയ്‌ത കമ്മിറ്റിയിൽ പോലും ഞാനാണ് വൈസ് പ്രസിഡൻ്റ്. പക്ഷേ ഞാൻ വന്നു നിൽക്കുന്നത് എന്താണ്? ഇത് വഴിയാധാരമാവാൻ പാടില്ല, ഇത് ഒരുപാട് പേർ ആശ്രയിക്കുന്ന ഒരു സ്ഥാപനമാണ്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ‘അമ്മ’, അത് നശിക്കാൻ പാടില്ല എന്ന് ആഗ്രഹം കൊണ്ട് വന്നതാണ് അല്ലാതെ എനിക്ക് ഇതിനകത്ത് തുടരാൻ ആഗ്രഹമില്ല.

ഇവർ രാജിവച്ചു പോയിട്ട് ഇപ്പോൾ 20 ദിവസമായി. അതിനു ശേഷം ഇവർ സംഘടനയുടെ ദൈനംദിന കാര്യം വല്ലതും നോക്കിയോ? ഇവിടെ വരികയോ, ഇവിടെ സെക്യൂരിറ്റിക്കാരന് ശമ്പളം കൊടുത്തോ എന്നോ ഒന്നും അന്വേഷിച്ചില്ലല്ലോ! അവർ തന്നെ പോയി എന്നുള്ളതിൻ്റെ ഏറ്റവും വലിയ തെളിവ് അല്ലെ അത്? 20 ദിവസമായി അവർ വരാത്തതെന്താണ്? അവർ മനസ്സുകൊണ്ട് രാജി വച്ചു. ഇവിടെ ആരും ഇല്ലാതെ, ഉടമസ്‌ഥൻ ഇല്ലാതെ കിടക്കാൻ പറ്റുമോ? ഇവർ തൊട്ടടുത്ത ദിവസമേ തന്നെ “ഞാൻ രാജി വച്ചിട്ടില്ല, ഞാൻ തന്നെ അമ്മ നോക്കുന്നു” എന്ന് പറഞ്ഞു വന്ന് ഇവിടെ നോക്കണ്ടേ? ഇവിടെ വന്നിട്ടില്ലല്ലോ. പല ക്യാബിനും പൂട്ടിക്കൊണ്ടുപോയിരിക്കുകയാണ്; പൂട്ടി താക്കോലും കൊണ്ടുപോയി, താക്കോലില്ലാതെ തുറക്കാൻ പറ്റുമോ? അപ്പോ അരാജകത്വം സൃഷ്ടിക്കാൻ

ആര് ശ്രമിച്ചാലും അത് നമുക്ക് അംഗീകരിക്കാൻ പറ്റത്തില്ല. 35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കഷ്‌ടപ്പെട്ടിട്ടാണ് ‘അമ്മ’ തുടങ്ങുന്നത്. തുച്‌ഛമായ പൈസയും നമ്മുടെ കഷ്‌ടപ്പാടും കൊണ്ടാണ്. അഭിമാനത്തോടെ പറയാം, ഇത്രയും വർഷത്തിനിടയിൽ ഒരു ടി.എ പോലും ഞാൻ ഈ സ്ഥാപനത്തിൽ നിന്ന് എഴുതി വാങ്ങിയിട്ടില്ല. ഞാൻ ഇത്രയും വർഷം ഇതിന്റെ കമ്മിറ്റി മെമ്പറായിരുന്നു. ഞാൻ എറണാകുളത്ത് വരാറുണ്ട്, കമ്മിറ്റി കൂടുമ്പോൾ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാറുണ്ട്. എൻ്റെ സ്വന്തം വാഹനത്തിൽ ഞാൻ വന്ന് പങ്കെടുത്ത് പോകും. ഒരു പൈസ പോലും ഇന്നുവരെ വാങ്ങിച്ചിട്ടില്ല, അതുകൊണ്ടാണ് ഞാൻ ഇത്രയും ധൈര്യമായിട്ട് പറയുന്നത്. ഞങ്ങൾ അടുത്ത മീറ്റിങ്ങിൽ ഇതിൻ്റെ ബൈലോ അനുസരിച്ച് പൊതു ജനറൽ ബോഡി വിളിക്കും, ഞങ്ങളുടെ അഡ്വക്കേറ്റ് ആയിട്ടും സംസാരിച്ചിട്ടുണ്ട്. ആ ജനറൽ ബോഡിയിൽ വെച്ച് ഈ തെറ്റുണ്ടെന്ന് പറഞ്ഞ കണക്കുകളെല്ലാം എന്താണ് സംഭവിച്ചതെന്ന് അവിടെ ബോധ്യപ്പെടുത്തുകയും, അവിടെ വെച്ച് ഇലക്ഷൻ നടക്കുകയും ചെയ്യും. ആ ഇലക്ഷനിൽ പുതിയൊരു കമ്മിറ്റി വരും; അത് അധികം നീണ്ടു പോകില്ല എന്ന് ഉറപ്പാണ്. കാരണം ഞങ്ങൾക്ക് നാലു മാസമാണ് തന്നിരിക്കുന്നത്. ആ നാലു മാസത്തിനുള്ളിൽ എന്തായാലും അതിന് വളരെ മുമ്പ് തന്നെ, നാലു മാസം ആകുന്നതിന് വളരെ മുമ്പ് തന്നെ ഇത് പുതിയ കമ്മിറ്റിക്ക് കൈമാറും. ഇപ്പോൾ അവർ കോടതിയിൽ പോകും എന്ന് പറഞ്ഞാലും ഞങ്ങൾക്ക് ഒരു വിരോധവുമില്ല. കാരണം ഏതൊരു പൗരനും ഇന്ത്യയിൽ നീതിക്ക് വേണ്ടി കോടതിയിൽ പോകാം. പക്ഷേ അവർ ശ്രമിക്കുന്ന നീതി എന്ന് പറയുന്നത് ഈ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടുന്ന നീതി ആകരുത് എന്നേ എനിക്ക് പറയാനുള്ളു. അത് എന്റെയൊരു അഭ്യർഥനയാണ്. കാരണം ഇത് ആശ്രയിച്ചു ജീവിക്കുന്ന പാവങ്ങൾ ഉണ്ട്. കോടതിയിൽ പോയി ഒരു സ്‌റ്റേയോ കാര്യങ്ങളോ വാങ്ങി അവിടെ ഇരുന്നാൽ നമുക്ക് വിരോധമൊന്നുമില്ല, പക്ഷേ കുറെ പാവങ്ങളുടെ കാര്യം കഷ്‌ടത്തിലാകും. ഞങ്ങൾ ഇതിനെക്കാളും വലിയ സ്ഥാനത്തൊക്കെ ഇരുന്നിട്ടുണ്ട് അതുകൊണ്ട് ഇതൊരു വലിയ കാര്യമായി കാണുന്നില

പക്ഷേ ഈ മാധ്യമങ്ങളിൽ ‘ഞാൻ രാജിവച്ചു’ എന്ന് പറഞ്ഞ് ആളാകുമ്പോൾ, അതിൻ്റെ ഉത്തരം മാധ്യമങ്ങൾ അവരോടാണ് ചോദിക്കേണ്ടത്, ഞങ്ങളോടല്ല. “നിങ്ങൾ മാധ്യമങ്ങളെ പറ്റിച്ചില്ലേ? കേരളത്തിലെ ജനങ്ങളെ പറ്റിച്ചില്ലേ?” എന്ന് അവരോട് ചോദിക്കൂ, അത് അന്തസ്സാണോ? ഈ മാധ്യമങ്ങളെ മുഴുവൻ വിളിച്ചു കൂട്ടിയിട്ട് അവരെ, ‘ഞാൻ രാജി വയ്ക്കുന്നു, പ്രാഥമിക അംഗത്വത്തിൽ നിന്ന് പോയി” എന്ന് ഒരാൾ പറയുകയാണ്. ആ ആൾ തന്നെ “ഞാൻ രാജി വച്ചിട്ടില്ല’ എന്ന് അന്ന് പറയണമായിരുന്നു, അല്ലെങ്കിൽ ‘ഞാൻ എൻ്റെ രാജി പിൻവലിച്ചു’ എന്ന് പിറ്റേ ദിവസം പറയണം. അല്ലാതെ ഇന്നാണോ ഇത് പറയുന്നത്? അത് മോശമല്ലേ. അപ്പോ ആരാണ് ഈ ജനങ്ങളെ പറ്റിച്ചത്, ഞങ്ങളാണോ? ഇതെന്താ തമാശക്കളിയാണോ? കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ ഇങ്ങനെ പറഞ്ഞിട്ട് രാജി വച്ച് മാറാതിരിക്കുന്നത് ശരിയാണോ?”

ജനറൽ ബോഡി യോഗത്തിൽ എല്ലാവരുടെയും മുന്നിൽ വച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ മുൻ ഭരണസമിതി അംഗങ്ങൾ, 20 ദിവസങ്ങൾക്ക് ശേഷവും ഔദ്യോഗികമായി രാജി വയ്ക്കാത്തതിൽ എന്ത് യുക്തിയാണുള്ളതെന്ന് നടനും എം എൽ എയുമായ രമേഷ് പിഷാരടി ചോദിക്കുന്നു. വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചവർ കൊണ്ടുവന്ന സാമ്പത്തിക കണക്കുകൾ പാസ്സാക്കാൻ കഴിയാതെ വന്നതോടെയാണ് അവർ പരസ്യമായി രാജി പ്രഖ്യാപിച്ചതെന്നും, ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ അനാഥമാക്കാൻ കഴിയാത്തതിനാലാണ് ജനറൽ ബോഡിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം താൽക്കാലിക ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം വലിയ താരങ്ങളെന്നോ ചെറിയ താരങ്ങളെന്നോ വ്യത്യാസമില്ലാതെ തോളിൽ കൈയിട്ട് സന്തോഷത്തോടെ നടന്നിരുന്ന ‘അമ്മ’ സംഘടന ഇന്ന് ഇത്തരം വിവാദങ്ങളിൽ എത്തിനിൽക്കുന്നതിൽ കടുത്ത മനസ്‌താപമുണ്ടെന്ന് വ്യക്തമാക്കിയ പിഷാരടി, നിയമപരമായി അവർ രാജി കത്ത് നൽകിയിട്ടില്ലെങ്കിലും മാധ്യമങ്ങളും പൊതുസമൂഹവും കണ്ട ആ രാജി പ്രഖ്യാപനത്തെ തള്ളിക്കളയാനാകില്ലെന്നും, ഒരു പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുമെന്നും കൂട്ടിച്ചേർത്തു. ഇന്ന് ‘അമ്മ’ ആസ്‌ഥാനത്ത് നടന്ന അഡ്ഹോക് കമ്മറ്റി മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേഷ് പിഷാരടി.

“ഇവർ രാജിവെച്ചു പോയി എന്ന് ഒരു കമ്മിറ്റി മുഴുവൻ പറയുകയും, പൊതുവായി പ്രഖ്യാപിക്കുകയും, ജനറൽ ബോഡിയിൽ അറിയിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് ഇറങ്ങിപ്പോയതാണ്. അങ്ങനെയൊരു സാഹചര്യത്തിൽ, കൂടിയിരിക്കുന്ന ജനറൽ ബോഡിക്ക് മറ്റൊരു ബദൽ മാർഗ്ഗം കണ്ടെത്താതെ വെറുതെ പിരിഞ്ഞുപോകാൻ കഴിയില്ലല്ലോ. ഈ സംഘടന മുന്നോട്ട് നടന്നുപോകേണ്ടതുണ്ട്, ഇവിടുത്തെ ദൈനംദിന കാര്യങ്ങൾ

നടക്കേണ്ടതുണ്ട്. അതുകൊണ്ട് പൊതുവിൽ എല്ലാവർക്കും താല്‌പര്യമുള്ള, വിശ്വാസമുള്ള കുറച്ചാളുകളെ അവർ തിരഞ്ഞെടുത്തു. ഈ ഉത്തരവാദിത്വം ഞങ്ങളെ ഏൽപ്പിക്കുകയായിരുന്നു. ഇതിനെ നിങ്ങൾ അഡ്‌ഹോക് കമ്മിറ്റിയെന്നോ സ്പെഷൽ കമ്മിറ്റിയെന്നോ എന്തുപേരിട്ട് വിളിച്ചാലും, ജനറൽ ബോഡിയിലെ ഭൂരിപക്ഷം ആളുകൾ ചേർന്നെടുത്ത തീരുമാനമാണിത്. നമ്മൾ വോട്ട് ചെയ്‌ത് വിജയിപ്പിച്ച ആളുകൾ മാധ്യമങ്ങളോടും ഞങ്ങളോടും ഞങ്ങൾ രാജിവെക്കുന്നു എന്ന് പറഞ്ഞ് പോയിരിക്കുന്നു; അതുകൊണ്ട് നിങ്ങൾ ഇതൊന്ന് ഏറ്റെടുക്കണം എന്ന് ജനറൽ ബോഡി ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, ഇപ്പോൾ ഏതാണ്ട് 20 ദിവസങ്ങൾക്ക് ശേഷം ‘ഞങ്ങൾ രാജിവെച്ചിട്ടില്ല’ എന്ന് അവർ പറയുന്നതിന്റെ യുക്‌തി എന്താണെന്ന് എനിക്കറിയില്ല.

ഇന്നലെ നിയമസഭയുണ്ടായിരുന്നു, ഇപ്പോൾ ഞാൻ പാലക്കാടേക്ക് പോകുന്ന വഴിയാണ്. ഇവിടെ നിന്നിട്ടാണ് ഈ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ സമയം മാറ്റിവെച്ചിരിക്കുന്നത്. ഞങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ സമയം മാറ്റിവെക്കുന്നത്? ഒരു വലിയ വിഭാഗം ആളുകൾ ജനറൽ ബോഡിയിൽ ഒന്നിച്ചിരുന്ന് കൂട്ടായി എടുത്ത തീരുമാനമുണ്ട്. ‘നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ച ആളുകൾ കൊണ്ടുവന്ന കണക്കുകൾ ഞങ്ങൾക്ക് പാസ്സാക്കാൻ പറ്റിയില്ല, അവർ ദാ രാജിവെച്ചു പോയിരിക്കുന്നു’ എന്ന് തുറന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഒരു പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാര്യങ്ങൾ നോക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

ഇനി നിങ്ങളുടെ ചോദ്യപ്രകാരം അവർ കോടതിയിൽ പോയി ഇത് ക്ലെയിം ചെയ്താൽ പോലും, അടുത്ത ജനറൽ ബോഡി വരുമ്പോൾ ഇവർ തന്നെയാണ് സ്ഥ‌ഥാനത്ത് തുടരേണ്ടത് എന്ന് പറഞ്ഞാൽ ജനറൽ ബോഡി അത് സമ്മതിക്കുമോ എന്ന് നമുക്കറിയില്ല; ചിലപ്പോൾ സമ്മതിക്കുമായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിലെ കൺക്ലൂഷൻ ഇത്രയേ ഉള്ളു, അവർ രാജി നിയമപ്രകാരം എഴുതി ഞങ്ങളുടെ കൈകളിൽ തന്നിട്ടില്ല എന്നത് ശരിയാണ്, പക്ഷേ ‘ഞങ്ങൾ രാജിവെച്ചു‘ എന്ന് പറഞ്ഞ് അവർ പോകുന്നത് നിങ്ങളും മാധ്യമങ്ങളും ഒന്നിച്ച് കണ്ടതാണ്.

ഗണേഷേട്ടൻ പറഞ്ഞതുപോലെ, ഈ സംഘടനയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് പാവങ്ങളുണ്ട്. വളരെ സ്നേഹത്തോടെയാണ് ഞങ്ങൾ ഈ സംഘടനയെ കാണുന്നത്. ‘അമ്മ’യുടെ ഓഫിസിലൊക്കെ വലിയ താരങ്ങളെന്നോ ചെറിയ താരങ്ങളെന്നോ വ്യത്യാസമില്ലാതെ, തോളിൽ കൈയിട്ട്, ചിരിച്ചു കളിച്ച് സന്തോഷത്തോടെ നടന്നിരുന്ന ഒരു സ്‌ഥലമാണിത്. അവിടെനിന്ന് ഇപ്പോൾ ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നതിൽ ഞങ്ങൾക്ക് വലിയ മനസ്താപമുണ്ട്. എത്രയോ സ്‌റ്റേജ് ഷോകൾ ചെയ്‌തും ഉറക്കമിളച്ചും ഒരുപാട് റിഹേഴ്സലുകൾ നടത്തിയും കഷ്ടപ്പെട്ട് പൈസയുണ്ടാക്കി ആളുകളെ നോക്കിയിരുന്ന ഒരു അവസ്‌ഥയിൽ നിന്നാണ് സംഘടന ഇപ്പോൾ കാണുന്ന ഈ സാഹചര്യങ്ങളിലേക്ക് എത്തിനിൽക്കുന്നത്.

ഇത് വലിയൊരു വീഴ്‌ച്ചയാണ്. അപ്പോ അതുകൊണ്ട്, അവർ പോയ സാഹചര്യത്തിൽ ജനറൽ ബോഡി ഞങ്ങളെ ഈ കാര്യങ്ങൾ ഏൽപ്പിച്ചു, ഞങ്ങൾ അത് ഏറ്റെടുത്തു. ഞങ്ങൾ ഏറ്റെടുത്ത ജോലി ഞങ്ങളാൽ കഴിയുംവിധം ഏറ്റവും ഭംഗിയായി ഇതിലെ അംഗങ്ങൾക്ക് വേണ്ടി നിർവ്വഹിക്കുക എന്നുള്ളത് മാത്രമാണ് ഇവിടെ നിൽക്കുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം.” രമേഷ് പിഷാരടി പറഞ്ഞു.