‘കാൻസറിന് അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ കഴിഞ്ഞില്ല’; ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

','

' ); } ?>

ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. കാൻസർ ബാധിതയായി ദീർഘനാളായി ചികിത്സയിലായിരുന്ന അവരുടെ അന്ത്യം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗാവസ്ഥ അതീവ ഗുരുതരമായതിനെ തുടർന്നാണ് സംഭവിച്ചത്. അമ്മയുടെ വിയോഗ വാർത്ത റോബിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചത്.

2026 മാർച്ച് 25 നാണ് അമ്മയ്ക്ക് എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതെന്ന് റോബിൻ കുറിച്ചു. പിന്നീട് ആശുപത്രി സന്ദർശനങ്ങളും തുടർച്ചയായ ചികിത്സകളും കഠിനമായ വേദനകളും നിറഞ്ഞതായിരുന്നു ജീവിതം. എന്നാൽ പ്രാർത്ഥനയോടെ രോഗത്തോട് സധൈര്യം പോരാടിയ അമ്മ, ആ കഠിനഘട്ടത്തിലും തളരാതെ തങ്ങൾക്കും മറ്റുള്ളവർക്കും വലിയൊരു പ്രചോദനമായി നിലകൊണ്ടിരുന്നുവെന്നും റോബിൻ അമ്മയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. താരത്തിന്റെ അമ്മയുടെ നിര്യാണത്തിൽ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നത്.

റോബിന്റെ കുറിപ്പിന്റെ പൂർണ രൂപം

“2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു.

ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല”, എന്നായിരുന്നു റോബിന്‍റെ വാക്കുകള്‍.