
നടി ലക്ഷ്മിപ്രിയ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. പോലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് താൻ വീണ്ടും കോടതിയെ സമീപിച്ചതെന്നാണ് അൻസിബയുടെ പ്രതികരണം. അൻസിബയുടെ പരാതിയിന്മേൽ ഈ മാസം ഒൻപതിനകം വിശദീകരണം നൽകാൻ പാലാരിവട്ടം പോലീസിനോട് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ മതിയായ നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്ന് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ കോടതി ഇടപെടലിനെത്തുടർന്ന് പോലീസ് കേസ് എടുക്കാൻ നിർബന്ധിതരാവുകയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 26-ന് ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് പുതിയ പരാതിക്ക് അടിസ്ഥാനം. താൻ മദ്യപിക്കാറുണ്ടെന്നും തനിക്ക് മദ്യം വാങ്ങി നൽകിയത് ലക്ഷ്മിപ്രിയ ആണെന്നും ഉൾപ്പെടെയുള്ള വാസ്തവവിരുദ്ധമായ കാര്യങ്ങൾ അഭിമുഖത്തിലൂടെ പ്രചരിപ്പിച്ചു എന്നാണ് അൻസിബയുടെ പ്രധാന ആരോപണം. ലക്ഷ്മിപ്രിയയ്ക്ക് പുറമെ, വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ മീഡിയ ഉടമ സുകുമാരൻ, അഭിമുഖം നടത്തിയ സുരേഷ് എന്നിവർക്കെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്.
ഈ സംഭവത്തിൽ നടി ശ്വേതാ മേനോൻ്റെ പങ്കും അന്വേഷിക്കണമെന്ന് അൻസിബ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനറൽ ബോഡി യോഗത്തിന് ശേഷം ശ്വേതാ മേനോൻ പ്രസിഡൻ്റായ ഭരണസമിതി രാജിവെച്ചതിനെത്തുടർന്നുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേർന്ന് തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണെന്ന് അൻസിബ ആരോപിക്കുന്നു. തന്നെ അപകീർത്തിപ്പെടുത്താൻ തിരുവനന്തപുരത്തെ ഒരു പി.ആർ ഏജൻസിയുമായി ശ്വേതാ മേനോൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.