ശ്വേതാ മേനോൻ രാജിക്കത്തോ, ഇ-മെയിലോ നൽകിയിട്ടില്ല; AMMA ഭരണസമിതി അംഗങ്ങളുടെ രാജി പ്രഖ്യാപനം മാത്രം?

','

' ); } ?>

അമ്മ (AMMA) ഭാരവാഹികളുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സൂചനകൾ പുറത്ത്. വലിയ മാധ്യമശ്രദ്ധ നേടിയ രാജി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള പ്രമുഖ ഭാരവാഹികൾ ഇതുവരെ സംഘടനയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്നാണ് വിവരം.

അതേസമയം, നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുതയും ചോദ്യമുയർത്തുന്നുണ്ട്. സംഘടനയുടെ നിലവിലുള്ള ബൈലോയിൽ ഇത്തരമൊരു അഡ്ഹോക് കമ്മിറ്റിയെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഈ നിയമപരമായ അനിശ്ചിതത്വം നിലനിൽക്കെത്തന്നെ, വ്യാഴാഴ്ച അഡ്ഹോക് കമ്മിറ്റി യോഗം ചേരുകയും ചെയ്തു. ഔദ്യോഗികമായി രാജി സമർപ്പിക്കാത്തവർ ഇപ്പോഴും ഭരണസമിതിയിൽ തുടരുന്നതും, ബൈലോയിൽ ഇല്ലാത്ത കമ്മിറ്റി യോഗം ചേരുന്നതും സംഘടനയ്ക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

കഴിഞ്ഞമാസം 21-നായിരുന്നു അമ്മയുടെ ജനറൽബോഡി യോഗം ചേർന്നത്. അന്ന് ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 204 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 101 പേരാണ് പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്‌തത്. തുടർന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. രാജിവെച്ച് പുറത്തുവന്നശേഷം വളരെ വൈകാരികമായാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്. രാജിവെയ്ക്കുന്നു എന്ന് പറഞ്ഞതല്ലാതെ രാജിക്കത്തോ, ഇ-മെയിലോ ശ്വേതാ മേനോൻ നൽകിയിട്ടില്ല.

നിലവിലെ ഭരണസമിതി 2025-ലാണ് ചുമതലയേറ്റെടുത്തത്. ഇവർക്ക് 2028 വരെ കാലാവധിയുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ ഭരണസമിതി തുടരുമെന്നാണ് വിവരം. ഇതിനിടയിലും അഡ്ഹോക് കമ്മിറ്റി യോഗംചേരുകയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയെയാണ് പിന്നീട് തിരഞ്ഞെടുത്തത്. കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നു. യോഗത്തിനുശേഷമാണ് അമ്മ ഭരണസമിതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിയൂ.