
‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തെന്നിന്ത്യൻ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് സാധ്വി ആർ.എസിനെ അരവിന്ദ് ജീവിതസഖിയാക്കിയത്. ഈ വർഷം ആദ്യം വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരുടെയും വിവാഹം ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഇത്. അൻപതാം വയസ്സിലേക്ക് കടക്കുന്ന അരവിന്ദിന്റെ ഈ പുതിയ ജീവിതതുടക്കത്തിന് സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരാണ് ഇപ്പോൾ ആശംസകൾ നേരുന്നത്.
അരവിന്ദിൻ്റെ സിനിമാ സൗഹൃദങ്ങളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു വിവാഹച്ചടങ്ങുകൾ. 2007-ൽ പുറത്തിറങ്ങിയ ‘ചെന്നൈ 28’ എന്ന തമിഴ് ചിത്രത്തിലെ സഹതാരങ്ങളും സംവിധായകനുമായ വെങ്കട് പ്രഭു, വൈഭവ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാൻ നേരിട്ട് ക്വാലാലംപൂരിൽ എത്തിയിരുന്നു. സിനിമയിലെ സൗഹൃദം ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന ഇവരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരത്തിൻ്റെ യഥാർത്ഥ പേര് എസ്. അരവിന്ദർ സിങ് എന്നാണ്. ഡൽഹിയിൽ ജനിച്ച അരവിന്ദിന്റെ കുടുംബവേരുകൾ പഞ്ചാബിലെ ജലന്ധറിലാണെങ്കിലും പിന്നീട് ഇവർ ചെന്നൈയിലേക്ക് മാറുകയായിരുന്നു. തമിഴ് സിനിമയിലെ നർത്തകിയായ അമ്മയിൽ നിന്നാണ് അരവിന്ദിന് നൃത്തത്തോടുള്ള താല്പര്യം ലഭിക്കുന്നത്. ചരിത്രത്തിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലെ അക്കാദമി ഓഫ് മോഡേൺ ഡാൻസിൽ നിന്ന് നൃത്തപരിശീലനം പൂർത്തിയാക്കി. ബാക്ക്ഗ്രൗണ്ട് ഡാൻസറായും നൃത്തസംവിധായകനായും കരിയർ ആരംഭിച്ച ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്.
തമിഴിലാണ് ആദ്യം അഭിനയിച്ചു തുടങ്ങിയതെങ്കിലും അരവിന്ദിൻ്റെ റിലീസ് ചെയ്ത ആദ്യ ചിത്രം 2002-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ‘നന്ദനം’ ആയിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണന്റെ വേഷവും “മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന ഗാനരംഗവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. പിന്നീട് ‘ചെന്നൈ 600028’, ‘ഗോവ’, ‘മങ്കാത്ത’, ‘ഗോട്ട്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തും അദ്ദേഹം ശ്രദ്ധേയനായി. അടുത്തിടെ പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിലും താരം അതിഥി വേഷത്തിൽ എത്തിയിരുന്നു. അഭിനയത്തിന് പുറമെ നിരവധി മലയാളം, തമിഴ് റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകനായും അരവിന്ദ് ആകാശ് തിളങ്ങിയിട്ടുണ്ട്.