ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ; നടനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

','

' ); } ?>

ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാർ കള്ളക്കടത്ത് കേസുമായി (ഓപ്പറേഷൻ നുംകൂർ) ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. താരത്തിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് ദുൽഖറിനെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഏഴ് മണിക്കൂറോളം ദുൽഖറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് ആഡംബര കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളുടെ രേഖകളും അവ ഇന്ത്യയിലേക്ക് എത്തിച്ച വഴികളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ നടന്നത്.

എന്നാൽ, വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ദുൽഖർ കസ്റ്റംസിന് നൽകിയ വിശദീകരണം. ഇന്ത്യയിലുള്ള മുൻ ഉടമകളിൽ നിന്ന് നിയമാനുസൃതമായ രേഖകൾ പരിശോധിച്ചാണ് താൻ കാറുകൾ വാങ്ങിയതെന്നും, ഇതിനായുള്ള പണമിടപാടുകൾ പൂർണ്ണമായും ബാങ്ക് വഴിയാണ് നടത്തിയതെന്നും താരം വ്യക്തമാക്കി.

അതേസമയം, ദുൽഖറിന്റെ ഈ മൊഴി കസ്റ്റംസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. നടന്റെ പേരിൽ ഇനിയും കാറുകളുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഈ വാഹനങ്ങൾ എവിടെയാണെന്ന വിവരം ദുൽഖർ വെളിപ്പെടുത്താത്തത് സംശയം വർദ്ധിപ്പിക്കുന്നതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ഇവ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ് ഇപ്പോൾ. ഭൂട്ടാനിൽ നിന്നുള്ള കസ്റ്റംസ് സംഘത്തെക്കൂടി ഉൾപ്പെടുത്തി നടത്തുന്ന സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആയിരത്തോളം കള്ളക്കടത്ത് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.