
പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്‌ത. പൃഥ്വിരാജിന്റെ മാതൃക പിന്തുടർന്നാൽ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്നും, പൃഥ്വിരാജിനെപ്പോലെ അഭിനേതാക്കൾ അവരുടെ മുഴുവൻ പ്രതിഫലവും മുൻകൂറായി വാങ്ങുന്നതിന് പകരം, സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“മലയാള സൂപ്പർതാരം പൃഥ്വിരാജ് തൻ്റെ ഭൂരിഭാഗം സിനിമകളും സ്വയം നിർമിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റിൽ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാൽ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു.” സഞ്ജയ് ഗുപ്‌ത കുറിച്ചു.
“എന്തുകൊണ്ട് ഇത് ഒരു പൊതു കീഴ്‌വഴക്കമായിക്കൂടാ? പാനൽ ചർച്ചകളിൽ സംസാരിക്കുന്നതിന് പകരം കൂടുതൽ താരങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്നങ്ങളും താനേ ഇല്ലാതാകും.”സഞ്ജയ് ഗുപ്‌തകൂട്ടിച്ചേർത്തു.
ഹിന്ദി ചലച്ചിത്ര മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ സഞ്ജയ് ഗുപ്ത മുൻപും തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. നടൻ രൺവീർ സിങ്ങിനെ വിലക്കിയ സംഭവത്തിൽ സഞ്ജയ് ഗുപ്‌ത സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു.
അതേ സമയം പൃഥ്വിരാജിന്റേതായി ‘ഐ, നോബഡി’, ‘വാരാണസി’, ‘ഖലീഫ’, ‘ദയാര’, ‘ഒടിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ‘ഐ നോബഡി’ നിർമാതാക്കളിൽ ഒരാൾ, പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയ മേനോൻ ആണ്. പൃഥ്വിയുടെ ജീവിത പങ്കാളിയാണ് സുപ്രിയ. കരീന കപൂറിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ‘ദയാര’ എന്ന ചിത്രവും ഉടൻ തിയേറ്ററിലെത്തും.