
‘കാളിയൻ’ സിനിമയെക്കുറിച്ച് അപ്ഡേറ്റ് നൽകി നടനും സംവിധായകനുമായ പൃഥ്വിരാജ്. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, യങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണിതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. റേഡിയോ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്. ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്. എന്നാൽ അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം. അതിനായി കാത്തിരിക്കുകയാണ്”. പൃഥ്വിരാജ് പറഞ്ഞു.
പ്രഖ്യാപനം മുതൽ തന്നെ പൃഥ്വിരാജിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കാളിയൻ’. എട്ട് വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ മോഷൻ പോസ്റ്ററും ഡയലോഗ് ടീസറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ കുറച്ചു കാലമായി ‘കാളിയ’നെ സംബന്ധിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.
വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായാണ് പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്.
സുജിത് വാസുദേവ് ആണ് കാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസ്‍റൂറാണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. അനാർക്കലിക്ക് ശേഷം രാജീവ് ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ.