
മകൾ അലംകൃതയെ തന്റെ സിനിമകൾ കാണിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. അവള്‍ കൊച്ചുകുട്ടിയല്ലേ, എന്റെ അച്ഛന്‍ അഭിനയിക്കുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ആകട്ടെ എന്ന് കരുതിയെന്നും, താൻ ചെയ്യുന്നത് കൂടുതലും കുറച്ചൂടെ മെച്വേര്‍ഡ് തീമുകള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ആയത് കൊണ്ടാണെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഇപ്പോൾ മകളെ തന്റെ സിനിമകളെ കാണിക്കാനുള്ള സമയമായെന്നും പ്രിഥ്വിരാജ് കൂട്ടിച്ചേർത്തു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സിനിമയുടെ കാര്യത്തിലൊഴികെ എല്ലാത്തിലും അഭിപ്രായം പറയും. അവള്‍ ഇതുവരെ എന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ ഇപ്പോള്‍ സമയമായെന്ന് തോന്നുന്നു. സിനിമ കാണാനും മനസിലാക്കാനുമുള്ള പ്രായവും ബുദ്ധിയും ആയിട്ടുണ്ട്. ഞാന്‍ എന്റെ മോളെ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കുടുംബസമേതം പോയി സിനിമ കാണണം എന്ന് പറയുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം. ഒന്ന് ആലോചിച്ചാല്‍ മനസിലാകുന്നതേയുള്ളൂ.
അവള്‍ കൊച്ചുകുട്ടിയല്ലേ, എന്റെ അച്ഛന്‍ അഭിനയിക്കുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ആകട്ടെ എന്ന് കരുതി. കാരണം ഞാന്‍ ചെയ്യുന്നത് കൂടുതലും കുറച്ചൂടെ മെച്വേര്‍ഡ് തീമുകള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ആയതിനാലാണ്. അതിനാല്‍ അത് അച്ഛന്‍ അഭിനയിക്കുകയാണെന്നും ഇത് എന്റെ അച്ഛന്‍ അല്ല എന്നും വേര്‍തിരിച്ചു കാണാന്‍ സാധിക്കുന്ന പ്രായത്തിലെത്തട്ടെ എന്ന് കരുതി.” പൃഥ്വിരാജ് പറഞ്ഞു.
“എന്റെ എല്ലാ സിനിമകളും അവള്‍ കാണണമെന്നും, നല്ലത് കണ്ട് അഭിനന്ദിക്കാനും മോശം സിനിമകള്‍ കണ്ട് കളിയാക്കാനും അവള്‍ ഉണ്ടാകണം എന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ 11 വയസായി. ഉടനെ തന്നെ എന്റെ സിനിമകള്‍ കണ്ട് തുടങ്ങും. അവള്‍ക്ക് അവളുടേതായൊരു പേഴ്‌സണാലിറ്റിയുണ്ട്.
ഏതൊരു പുരുഷനും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാകണമെന്ന് ആകണമെന്ന് ആഗ്രഹിക്കുമ്പോള്‍, നമ്മുടെ റൊമാന്റിസൈസ്ഡ് ഫാദര്‍ഹുഡിന്റെ ഒരു ഘട്ടമുണ്ട്. അതാണ് ഇപ്പോള്‍ തുടങ്ങാന്‍ പോകുന്നത്. ഇനി അമ്മ കൂള്‍ ആയിരിക്കില്ല. അച്ഛനായിരിക്കും. അതാണിപ്പോള്‍ തുടങ്ങുന്നത്. ഞാനത് ആസ്വദിക്കുന്നുണ്ട്. കഠിനാധ്വാനം സുപ്രിയയ്ക്കാണ്. അവരുടെ ജോലി താങ്ക്‌ലെസ് ആണ്.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.