
നടിയും താരസംഘടനയായ ‘അമ്മ’ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി എറണാകുളം മജിസ്ട്രേറ്റ് കോടതി. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നും മതപരിവർത്തനം ആരോപിച്ചെന്നും കാണിച്ച് അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ നിയമപരമായ തെളിവുകളില്ലെന്ന പോലീസിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.
തനിക്കെതിരെയുള്ള അധിക്ഷേപങ്ങളിൽ നടപടിയാവശ്യപ്പെട്ട് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപി വഴി എസിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തിയ കടവന്ത്ര പോലീസ്, ഇരുതാരങ്ങളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തുടർനടപടികൾക്ക് തെളിവില്ലെന്നും വ്യക്തമാക്കി എസിപിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടുകയും, ഈ റിപ്പോർട്ട് തള്ളി ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അന്തിമ ഉത്തരവിടുകയുമായിരുന്നു.