“അൻസിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ലക്ഷ്മിപ്രിയക്ക് അധികാരമില്ല”; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

','

' ); } ?>

പെണ്ണിനെക്കുറിച്ച് പെണ്ണ് തന്നെ കഥകൾ മെനയുന്ന കാലവും അതു വിശ്വസിക്കുന്ന കാലവും കഴിഞ്ഞുപോയെന്ന് പൊട്ടിത്തെറിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അൻസിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന ലക്ഷ്മിപ്രിയക്കെതിരെ സംസാരിക്കുകയായിരുന്നു താരം. ഇങ്ങനെ പരദൂഷണം പറയുന്നതിലൂടെ ലക്ഷ്‌മിപ്രിയ സ്വയം അപഹാസ്യയാവുകയാണ് ചെയ്യുന്നതെന്നും, ലക്ഷ്മിപ്രിയയെ സോഷ്യൽ മീഡിയ കടന്നാക്രമിക്കുന്നത് ലക്ഷ്മി കാരണം തന്നെയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

ഞാൻ ഈ വിഡിയോ ലക്ഷ്‌മിപ്രിയയ്ക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്‌മിപ്രിയ കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നത് കാണുമ്പോൾ അത് കണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ ഇത് സംസാരിക്കുന്നത്. അങ്ങനെ കടന്നാക്രമിക്കാനുള്ള കാരണക്കാരി ആരാണ്? നിങ്ങൾ തന്നെയല്ലേ? നിങ്ങൾ തന്നെ ഒരു വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ യാതൊരു ബോധവുമില്ലാതെയാണ് സംസാരിക്കുന്നത്.

നിങ്ങളുടെ സംഘടനയ്ക്കുള്ളിൽ നിങ്ങളുടെ കമ്മിറ്റിയും അൻസിബയും തമ്മിൽ ഒരു വലിയ പ്രശ്‌നമുണ്ടായി. പല പല പല പല പ്രശ്‌നങ്ങളുണ്ടായി. അവർ നിങ്ങളോട് പറഞ്ഞു, നിങ്ങൾ ആരും അത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. വളരെ നിസാരമായി അതിനെ തള്ളിക്കളഞ്ഞു. അവർ അവർക്ക് പറയാനുള്ളത് അവർ പുറംലോകത്തോടും വന്നു പറഞ്ഞു. ആദ്യം അവർ രാജിവയ്ക്കുകയായിരുന്നല്ലോ. രാജിവച്ച് ഇറങ്ങിയപ്പോൾ നിങ്ങൾ ആരെയെങ്കിലും കുറിച്ച് അവർ മോശം പരാമർശം നടത്തിയോ? വ്യക്തിഹത്യ നടത്തിയോ? ജനറൽ ബോഡിയിൽ വച്ച് അവർക്ക് പറയാനുള്ളത് അവർ തെളിവ് സഹിതം ജനറൽ ബോഡിയുടെ മുൻപാകെ പറഞ്ഞു. നിങ്ങളെല്ലാവരും ഉത്തരം മുട്ടി രാജിവച്ച് പുറത്തുവന്നു.

പുറത്തു വന്നതിനുശേഷം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പോലെ നിങ്ങൾ അൻസിബയെക്കുറിച്ച് കുറെ പുതിയ കഥകളിറക്കുന്നു. അതും വളരെ മോശമായ കഥകൾ! ഒരു പെൺകുട്ടിയെക്കുറിച്ച് പറയാൻ പാടില്ലാത്ത കഥകൾ. ‘അവൾ മദ്യപിക്കും, അവൾക്ക് ഞാൻ മദ്യം ഒഴിച്ചു കൊടുത്തിട്ടുണ്ട്, അവൾക്ക് മറ്റൊരു പയ്യനുമായിട്ട്…’ ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്‌നം? അൻസിബ മദ്യപിക്കുകയോ അല്ലെങ്കിൽ അൻസിബയ്ക്ക് ഒരു പയ്യനുമായി അടുപ്പമുണ്ടായിരിക്കുകയോ ചെയ്യട്ടെ! അത് അൻസിബയുടെ സ്വകാര്യകാര്യം. അതും നിങ്ങളുടെ എ.എം.എം.എ എന്ന് പറയുന്ന സംഘടനയുമായി എന്താണ് ബന്ധം? അതാണോ നിങ്ങളുടെ പ്രശ്നം? അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്‌നം? എന്തിനാണ് ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെയിരുന്ന് പരദൂഷണം പറയുന്നത് ലക്ഷ്മിപ്രിയ?

അതുകൊണ്ടല്ലേ നിങ്ങൾ സമൂഹത്തിനു മുൻപിൽ ഒരു പരിഹാസ്യയാകുന്നത്? ദയവായി ഇനിയെങ്കിലും ഇതൊന്ന് നിർത്തു. നിങ്ങൾക്ക് അൻസിബയോട് അൻസിബയുടെ അഭിപ്രായത്തിനോട് എതിരഭിപ്രായം പറയണമെന്നുണ്ടെങ്കിൽ നിങ്ങൾ കോടതി മുഖാന്തരം സംസാരിക്കൂ. തെളിവെല്ലാം കയ്യിലുണ്ടെങ്കിൽ കോടതി വഴി സംസാരിക്കൂ. അതല്ലാതെ സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെക്കുറിച്ച് ഓരോ കഥകളിറക്കി വിടരുത്. ഉള്ളതോ ഇല്ലാത്തതോ എന്തുമായിക്കോട്ടെ. ഒരാളെക്കുറിച്ച് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ ഈ 2026ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നുപോയി. അത്തരം കുലസ്ത്രീ പരിവേഷമൊക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുൻപോട്ട് വന്നു ലക്ഷ്‌മിപ്രിയ. ദയവായിട്ട് അത് മനസ്സിലാക്കൂ.

അതുകൊണ്ട് അൻസിബയോട് സംസാരിക്കണമെങ്കിൽ നിങ്ങളുടെ സംഘടനാപരമായ കാര്യങ്ങൾ നിങ്ങൾ ഒരു അഭിമുഖത്തിൽ കൂടെയോ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടെയോ നിങ്ങൾ സംസാരിക്കൂ. അല്ലാതെ അൻസിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കരുത്. അതിനധികാരം നിങ്ങൾക്കില്ല. അത് സംസാരിക്കുന്തോറും സമൂഹത്തിനു മുൻപിൽ നിങ്ങൾ പരിഹാസ്യയാകും. സമൂഹം നിങ്ങളെ ആക്രമിച്ചുകൊണ്ടേയിരിക്കും.