
ഗർഭിണിയാണെന്ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭു. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഭാഗമായി അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സാമന്ത പറഞ്ഞു. തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘മാ ഇൻടി ബംഗാരം’ എന്ന സിനിമയുടെ വിജയ ആഘോഷങ്ങൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
“മാ ഇൻടി ബംഗാരത്തിന് ശേഷം എൻ്റെ ഇപ്പോഴത്തെ ശാരീരികാവസ്ഥ പരിഗണിച്ച് എനിക്കൊരു ചെറിയ ബ്രേക്ക് എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം എൻ്റെ ആരാധകർക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും.” സമാന്ത മാധ്യമങ്ങളോട് പറഞ്ഞു.’
‘മാ ഇൻടി ബംഗാരം’ സിനിമയുടെ വിജയ ആഘോഷങ്ങളിൽ പങ്കെടുത്ത താരത്തിൻ്റെ ചിത്രങ്ങളും വിഡിയോകളും കണ്ട ആരാധകർ സാമന്ത ഗർഭിണിയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൻ്റെ സംവിധായിക ബി.വി. നന്ദിനി റെഡ്ഡിയും സമാന്തയുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. സിനിമയുടെ വൻ വിജയത്തിനൊപ്പം സാമന്തയുടെ ജീവിതത്തിലേക്ക് ഈയൊരു ഭാഗ്യം കൂടി എത്തിയത് ഇരട്ടി മധുരമാണെന്നായിരുന്നു നന്ദിനി റെഡ്ഡിയുടെ പ്രതികരണം.
പ്രശസ്ത സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരു ആണ് സമാന്തയുടെ ഭർത്താവ്. 2025 ഡിസംബറിൽ കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ‘ദി ഫാമിലി മാൻ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ തുടങ്ങിയ ഹിറ്റ് വെബ് സീരീസുകളിലെ ഒന്നിച്ചുള്ള പ്രവർത്തന പരിചയമാണ് ഇവരെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്.
അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ ഒരു കുടുംബം തുടങ്ങാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞിരുന്നു. താരത്തിൻ്റെ വക്താക്കൾ നൽകുന്ന വിവരമനുസരിച്ച് 2026 ഡിസംബറിലാണ് സമാന്തയ്ക്കും രാജിനും ആദ്യ കൺമണി ജനിക്കുക. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ദമ്പതികൾ ഇതുവരെ കുറിപ്പുകളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും വിജയ ആഘോഷത്തിനിടെ സാമന്ത തന്നെ വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകരും സിനിമാ ലോകവും താരത്തിന് ആശംസകളുമായി രംഗത്തെത്തിക്കഴിഞ്ഞു.