
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ലക്ഷ്മി മേനോന്റെ പരസ്യ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട യുവാവിനെതിരെ സൈബർ സെൽ നടപടി സ്വീകരിച്ചു. താരം പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ അങ്ങേയറ്റം അപകീർത്തികരമായ രീതിയിൽ കമന്റ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് ലക്ഷ്മി പോലീസിൽ പരാതി നൽകിയത്. തുടർന്ന് സൈബർ സെൽ ഇടപെടുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
തനിക്കുണ്ടായ ഈ ദുരനുഭവത്തെക്കുറിച്ചും അതിൽ സൈബർ സെൽ എങ്ങനെയാണ് ഇടപെട്ടതെന്നും ലക്ഷ്മി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ലക്ഷ്മി മേനോന്റെ വാക്കുകൾ
“ഏപ്രില്‍ 12ന് ഞാൻ ഫേസ്ബുക്കില്‍ ഒരു പരസ്യം പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹോട്ടലില്‍ ഫുഡ് കഴിക്കുന്നൊരു പരസ്യമായിരുന്നു അത്. അതിന്‍റെ അടിയിൽ വന്നൊരു കമന്‍റ് ആണിത്. 14-ാം തീയതി തിരുവനന്തപുരത്തെ ഏണിക്കരയിലുള്ള സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. കാരണം എന്‍റെ വീട് ഏണിക്കരയിലാണ്. ആ പരിതിയിലുള്ള സൈബര്‍ സെല്ലിലെ പരാതി കൊടുക്കാന്‍ പറ്റൂ. ഒരു രണ്ട് മാസം എനിക്ക് ഒരു അപ്ഡേറ്റും ഉണ്ടായില്ല. ഞാന്‍ കരുതി അവര്‍ അത് വിട്ടുപോയി കാണുമെന്ന്. പക്ഷേ അല്ല. ജൂണില്‍ അവരെനിക്ക് മറുപടി തന്നു. സ്ക്രീന്‍ ഷോട്ടും മറ്റും ഒന്നുകൂടി അയക്കാന്‍ പറഞ്ഞു. എല്ലാം അയച്ചു കൊടുത്തു. അങ്ങനെ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതിനിടയില്‍ മിഥുന്‍ ചേട്ടന്‍ സുഹൃത്തുക്കള്‍ വഴി ഈ കമന്‍റ് ഇട്ടവന്‍റെ കോളേജ് കണ്ടുപിടിച്ചു. അവന്‍റെ സുഹൃത്തിന്‍റെ നമ്പര്‍ കിട്ടി. പക്ഷേ അവന്‍ കമന്‍റ് ഇട്ടയാളുടെ നമ്പര്‍ തന്നില്ല. പക്ഷേ ഇതിനിടയില്‍ അവന്‍ കമന്‍റ് ഡിലീറ്റ് ആക്കി പോയി
ഇന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും എനിക്ക് കോള്‍ വന്നു. കേസെടുക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. മിഥുന്‍ ചേട്ടന്‍ പറഞ്ഞു വാണിംഗ് കൊടുത്ത് വിട്ടാല്‍ മതിയെന്ന്. ഞങ്ങള്‍ തമ്മില്‍ പരിചയമാണെന്നൊക്കെ അവന്‍ പൊലീസിനോട് ഒരു നമ്പര്‍ ഇറക്കിയിരുന്നു. പരിചയമുള്ളവരോട് ആണോടോ ഇങ്ങനെ വൃത്തികേട് പറയുന്നത്? അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല. മദ്യത്തിന്‍റെ ലഹരിയില്‍ ഇട്ടതാണെന്നൊക്കെയാണ് അവന്‍ പറയുന്നത്. ഇതുപോലെ യുഎഇയിലും കുറച്ച് ആളുകള്‍ ഓണ്‍ലൈന്‍ ഹരാസ്മെന്‍റ്, ബുള്ളിയിംഗ് ഒക്കെ വച്ച് കമന്‍റ് ഇടുന്നുണ്ട്. ഇനി അടുത്ത് യുഎഇ സൈബര്‍ സെല്ലിലാകും ഞാന്‍ പരാതി കൊടുക്കാന്‍ പോകുന്നത്. അപ്പോള്‍ ദര്‍ഹംസില്‍ ഫൈന്‍ അടക്കാന്‍ തയ്യാറായിക്കോളൂ. കമന്‍റ് ഇടുമ്പോള്‍ സൂക്ഷിച്ചും കണ്ടുമൊക്കെ ഇടുക. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വളരെ മോശം കമന്‍റുകള്‍ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവര്‍ റിപ്ലേ ആയിട്ട് വീഡിയോ ഇടാറുണ്ട്. അങ്ങനെ അല്ല ചെയ്യേണ്ടത്. ലീഗല്‍ ആക്ഷനെടുക്കണം. എങ്കിലേ ഇവന്മാരൊക്കെ പഠിക്കൂ.” ലക്ഷ്മി മേനോൻ പറഞ്ഞു.
നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കണ്ടന്റുകളിലൂടെ സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ വ്യക്തിയാണ് ലക്ഷ്മി മേനോൻ. വ്യത്യസ്തവും രസകരവുമായ വീഡിയോകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.