
തനിച്ചുള്ള ജീവിതത്തിൽ താൻ പൂർണ്ണ സന്തുഷ്ടയാണെന്നും ഒരു പങ്കാളിയില്ലാത്തതിന്റെ വിഷമം ഇന്നുവരെ തോന്നിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് നടി തെസ്നി ഖാൻ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതക്കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
വിവാഹം കഴിച്ചാൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ സാധിക്കൂ എന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് തെസ്നി ഖാൻ പറയുന്നു. സിനിമയിൽ സജീവമാകുന്ന പതിനെട്ടോ പത്തൊൻപതോ വയസുള്ള സമയത്ത് വിവാഹാലോചനകൾ വന്നിരുന്നുവെങ്കിലും, കുടുംബത്തിലെ ചില ബാധ്യതകൾ കാരണം ഈ മേഖലയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ അമ്മയും സഹോദരിയും അവരുടെ മക്കളുമടങ്ങുന്നതാണ് തന്റെ ലോകം. സഹോദരി ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം തൊടുപുഴയിൽ സന്തോഷത്തോടെ ജീവിക്കുന്നു. തനിക്കും ഇപ്പോൾ യാതൊരുവിധ ടെൻഷനുകളുമില്ലാത്ത സമാധാനപരമായ ജീവിതമാണുള്ളത്.
മാതാപിതാക്കളെ നോക്കി ജീവിക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ‘അവർക്ക് ശേഷം ആര്’ എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും, ദൈവം എന്താണ് വിധിച്ചതെന്ന് നമുക്കറിയില്ലല്ലോ എന്ന നിലപാടിലാണ് താരം. ജീവിതം പോകുന്നിടത്തോളം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പ്രധാനം. നമ്മുടേത് എന്ന് പറയാൻ ആരെയും കിട്ടാത്തതിൽ വിഷമിക്കുന്നതിനേക്കാൾ നല്ലത് ആരുമില്ലാതിരിക്കുന്നതാണ്. ഒരു ബോയ്ഫ്രണ്ട് ഉണ്ടായാൽ പോലും അത് വലിയ ടെൻഷനാണ് ഉണ്ടാക്കുക. നിലവിൽ തലയ്ക്ക് നല്ല സുഖമുണ്ട്.
പ്രത്യേകിച്ച് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഇത്തരം മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായാൽ അത് മുഖത്തെയും അഭിനയത്തെയും ബാധിക്കും. അതുകൊണ്ട് നമ്മുടേതെന്ന് പറയാൻ ആരെയും മനസ്സിലേക്ക് കൂട്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ജീവിതത്തിൽ നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ അവിടെ ഈഗോയോ മറ്റ് കോംപ്ലക്സുകളോ ഉണ്ടാകില്ലെന്നും, യഥാർത്ഥത്തിൽ താൻ അധികം സംസാരിക്കാത്ത ഒരു വ്യക്തിയാണെന്നും തെസ്നി ഖാൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.