
തനിക്ക് വ്യക്തിത്വമുള്ളത് കൊണ്ടാണ് അമ്മയിൽ നിന്നും രാജി വെച്ചതെന്ന ശ്വേതാ മേനോന്റെ പ്രതികരണത്തെ പരിഹസിച്ച് ഷീന സന്തോഷ്. ശ്വേത മേനോൻ മുഖ്യവിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ ട്രോഫി നിരസിച്ചതും, അതേ വ്യക്തിത്വമുള്ളത് കൊണ്ടാണെന്നും, ശ്വേത മേനോനെപ്പോലെയുള്ള വലിയ സെലിബ്രിറ്റികൾക്ക് മാത്രമല്ല, തങ്ങളെപ്പോലെയുള്ള സാധാരണക്കാർക്കും വ്യക്തിത്വമുണ്ടെന്നും ഷീന പറഞ്ഞു. കൂടാതെ അന്ന് ആ റിയാലിറ്റി ഷോയിൽ നടന്ന കള്ളത്തരങ്ങൾക്ക് ശ്വേതയും ചുക്കാൻ പിടിച്ചിരുന്നുവെന്നും, തങ്ങളും പാവകൾ അല്ലാത്തതുകൊണ്ടാണ് അന്ന് ആ ട്രോഫി വേണ്ടെന്ന് വെച്ചതെന്നും ഷീന കൂട്ടിച്ചേർത്തു. ആത്മാഭിമാനം എല്ലാവർക്കും ഒരുപോലെയാണെന്ന് ശ്വേതയ്ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമെന്നും, ആർക്കും പാവകളാകാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ബോധ്യപ്പെട്ടിരിക്കുമെന്നും ഷീന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു.
തനിക്ക് ഒരു വ്യക്തിത്വമുണ്ടെന്നും മറ്റുള്ളവരുടെ കൈയിലെ പാവയാകാൻ താനില്ലെന്നുമാണ് അമ്മ സംഘടനയിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻപ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ടായിരുന്നിട്ടും സംഘടനയുടെ നന്മയെ കരുതിയാണ് താൻ ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് ശ്വേത വ്യക്തമാക്കി. കമ്മിറ്റി പോലും അറിയാതെ സ്റ്റാഫ് അംഗങ്ങൾ പോയതായും, സെപ്റ്റംബർ 1 മുതൽ തങ്ങൾ ചുമതലയേറ്റ ശേഷമുള്ള കണക്കുകളെല്ലാം കൃത്യമാണെന്നും അവർ പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ സംഘടനയെ വീണ്ടും എത്തിക്കാനുള്ള കൃത്യമായ അജണ്ടയും ഗൂഢാലോചനയും ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും, ആദ്യമേ തന്നെ തങ്ങളെ പുറത്താക്കാൻ അവർ ശ്രമിച്ചിരുന്നുവെന്നും ശ്വേത ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കാൻ സാധിക്കാതെ വന്നതും അക്കൗണ്ടന്റും ഓഡിറ്ററും കണക്കുകൾ അംഗീകരിക്കാത്തതുമാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. യോഗത്തിൽ ഉയർന്ന വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിൽ അൻസിബ തെളിവുകൾ സഹിതം സംസാരിച്ചതോടെയാണ്, “ഞങ്ങൾ രാജി വെക്കുന്നു” എന്ന് പ്രഖ്യാപിച്ച് ശ്വേത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. പ്രവർത്തന പരിചയക്കുറവുണ്ടാകാമെന്നും അവർക്ക് കുറച്ചുകൂടി സമയം നൽകണമെന്നും ഗണേഷ് കുമാർ അടക്കമുള്ളവർ നിലപാടെടുത്തെങ്കിലും അതിൽ തീരുമാനമാകും മുൻപേ ശ്വേത തന്റെ രാജിക്കത്തും ഒപ്പം അംഗത്വം റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു. തുടർന്ന് ഭരണസമിതിയിലെ മറ്റ് അംഗങ്ങളും അഡ്ഹോക് കമ്മിറ്റി അംഗമായ ആശ അരവിന്ദും തങ്ങളുടെ രാജി പ്രഖ്യാപിച്ചു.
നേരത്തെ പരിഹരിക്കേണ്ടിയിരുന്ന പല വിഷയങ്ങളും കൃത്യമായി കൈകാര്യം ചെയ്യാൻ ശ്വേതയ്ക്ക് കഴിഞ്ഞില്ലെന്ന് ചില താരങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ, ശ്വേതയായിരുന്നില്ല രാജി വെക്കേണ്ടിയിരുന്നതെന്ന നിലപാടാണ് മുതിർന്ന നടി മല്ലിക സുകുമാരൻ സ്വീകരിച്ചത്. ശ്വേതയ്ക്ക് പിന്നാലെ മല്ലിക സുകുമാരനും അമ്മയിലെ തന്റെ അംഗത്വം റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി. ശ്വേത മേനോന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്കും കൂട്ടരാജിയും സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.