“37 വർഷങ്ങൾ കഴിഞ്ഞിട്ടും “കിരീടം” പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് ഒരു അത്ഭുതമാണ്”; മോഹൻലാൽ

','

' ); } ?>

റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ വിങ്ങലായി അവശേഷിക്കുന്ന ‘കിരീടം’ എന്ന സിനിമയ്ക്ക് പകരക്കാരില്ലെന്ന് നടൻ മോഹൻലാൽ. ചിത്രത്തിന്റെ 4K പതിപ്പിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടമെന്ന് മോഹൻലാൽ ഓർമ്മിപ്പിച്ചു. റിലീസായി 37 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് ഒരു അത്ഭുതമാണ്. ലോഹിതദാസിന്റെ തൂലികയിൽ പിറന്ന സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ ദുഃഖവും നിസ്സഹായാവസ്ഥയും ഇന്നും മലയാളികളുടെ ഉള്ളിൽ മായാതെ നിൽക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അത്യാധുനിക സാങ്കേതികവിദ്യയോടെ 4K ദൃശ്യമികവിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

“ഞാൻ സിനിമയിൽ വന്നിട്ട് 50 വർഷമായി. തിരനോട്ടം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ഓഡിഷന് അതിൻ്റെ അവസാനദിവസമാണ് ഞാൻ ചെല്ലുന്നത്. അവിടെവെച്ച് ഒരു സീൻ തന്നിട്ട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അന്നവിടെ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരുണ്ട്.

പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഇപ്പോൾ ഇതിവിടെ പറയാതിരിക്കാൻ പറ്റില്ല. നൂറിലാണ് മാർക്ക് തരുന്നത്. അന്ന് ഓരോരുത്തരും മാർക്ക് തന്നപ്പോൾ എനിക്ക് ഏറ്റവും നല്ല മാർക്ക് തന്ന് സഹായിച്ചയാളാണ് സിബി. നൂറിൽ രണ്ടുമാർക്ക്. പക്ഷേ പിൽക്കാലത്ത് അദ്ദേഹമെനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളും സമ്മാനിച്ചു. എന്റെ ആദ്യത്തെ നാഷണൽ അവാർഡ് കിരീടത്തിനായിരുന്നു. ആ വർഷത്തെ സംസ്ഥാന പുരസ്‌കാരവും അതേ ചിത്രത്തിലൂടെ കിട്ടി. അതുകഴിഞ്ഞ് ഭരതത്തിനും പുരസ്‌കാരം ലഭിച്ചു. താങ്ക്യൂ സിബി. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു.” മോഹൻലാൽ പറഞ്ഞു.

“കിരീടത്തിന്റെ വിജയത്തിൽ തിരക്കഥാകൃത്ത് ലോഹിതദാസിനും ഗാനരചയിതാവ് കൈതപ്രത്തിനും വലിയ പങ്കുണ്ട്. ട്രെയിലർ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തി. ‘കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി’ എന്ന ഗാനം കേൾക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല.

സിനിമയിലെ വൈകാരികമായ രംഗങ്ങളും അമ്മയുമായുള്ള ബന്ധവും ഇന്നും പ്രേക്ഷകരെ കരയിപ്പിക്കുന്നതാണ്. സിനിമ ചിത്രീകരിച്ച പാലം ഇന്ന് ‘കിരീടം പാലം’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നത് ആ ചിത്രം ജനമനസ്സുകളിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ്.” മോഹൻലാൽ കൂട്ടിച്ചേർത്തു.