
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെ, വൈകാരിക കുറിപ്പുമായി നടൻ ടിനി ടോം. സംഘടനയിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞതായി വ്യക്തമാക്കിയ താരം, ഇനി മുതൽ ഒരു സാധാരണ അംഗമായി മാത്രമെ തുടരുകയുള്ളൂവെന്നും വ്യക്തമാക്കി. തന്റെ രാജി അപ്രതീക്ഷിതമായിരുന്നെന്നും, ആരോടും പറയാതെ പെട്ടെന്ന് ഭരണസമിതിയിൽ നിന്ന് ഇറങ്ങിപ്പോയതിൽ സഹപ്രവർത്തകരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കത്തിൽ പറയുന്നു.
അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ചിലർ തന്നെ ലക്ഷ്യം വെച്ചതായി ടിനി ടോം ആരോപിക്കുന്നു. ഇത്തരത്തിൽ ഉണ്ടായ സംഭവവികാസങ്ങളിൽ വേദനയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഔദ്യോഗിക പദവികൾ ഒഴിഞ്ഞെങ്കിലും സംഘടനയിലെ അംഗങ്ങളുടെ ആവശ്യങ്ങൾക്കും സഹായങ്ങൾക്കും താൻ എപ്പോഴും ലഭ്യമായിരിക്കുമെന്നും, ഒരു സഹോദരനെപ്പോലെ തന്നാൽ കഴിയുന്ന എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. 2018 മുതൽ ഇന്നലെവരെ ‘അമ്മ’യുടെ എക്സിക്യൂട്ടീവിൽ മോഹൻലാലിന്റെയും പിന്നീട് ശ്വേത മേനോന്റെയും കീഴിൽ സത്യസന്ധമായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് എല്ലാ അംഗങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു.
‘ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ നന്ദി അറിയിക്കട്ടേ, അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനു 2018 മുതൽ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോൻ്റെ കീഴിലും സത്യസന്ധമായി, എനിക്ക് കഴിയും വിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു. അനീതികൾക്കെതിരെ ഞാൻ ശബ്ദിച്ചതിന്റെ പേരിൽ ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടിരിന്നു. ആരോപണങ്ങൾ പൊലീസ് എഫ് ഐ ആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഇതൊന്നും ഞാൻ ഒരു ചാനലിലും വിളമ്പാൻ പോയിട്ടില്ല. എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു. സത്യമേ ജയിക്കു അതാണ് തെളിഞ്ഞത്.’ ടിനി ടോം കുറിച്ചു.
‘ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ, എന്ന് കരുതി നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല, എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ ടിനി ടോം’ ടിനി ടോം കത്തിൽ കുറിച്ചത്.’ ടിനി ടോം കൂട്ടിച്ചേർത്തു.
കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം ‘അമ്മ’യുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ തന്നെ രാജിവെച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ നേരിടാതെയാണ് മുഴുവൻ അംഗങ്ങളും ഒഴിഞ്ഞത്.
ഭരണസമിതി പിരിച്ചുവിട്ടതിനെ തുടർന്ന് സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിനായി നിലവിൽ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയാണ് ഈ കമ്മിറ്റിയുടെ കൺവീനർ. കെ. ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ