
അമ്മയുടെ ജനറൽ ബോഡി യോഗത്തിലേക്ക് അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് അൻസിബയെ ഔദ്യോഗികമായി ക്ഷണിക്കണമായിരുന്നുവെന്ന് തുറന്നടിച്ച് നടി മാലാ പാർവതി. “എന്തുകൊണ്ടാണ് തന്നെ വിളിക്കുമെന്ന് കള്ളം പറഞ്ഞതെന്ന് അൻസിബ ഇന്നലേയും ചോദിക്കുന്നുണ്ടായിരുന്നുവെന്നും, അതെന്തുകൊണ്ട് ചെയ്തില്ലെന്നതിനുള്ള ഉത്തരം അവർ പറയണമെന്നും” മാലാ പാർവതി പറഞ്ഞു. കൂടാതെ സംഘടനയുടെ ഓഫീസ് ജീവനക്കാരിയെപ്പോലും ചിലർ ഗ്രൂപ്പ് വഴക്കിന് ഉപയോഗിച്ചെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
“എന്തുകൊണ്ടാണ് തന്നെ വിളിക്കുമെന്ന് കള്ളം പറഞ്ഞതെന്ന് അൻസിബ ഇന്നലേയും ചോദിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് അൻസിബയെ ഔദ്യോഗികമായി യോഗത്തിലേക്ക് വിളിക്കണമായിരുന്നു. തിരിച്ചുവരണമെന്ന് പറയണമായിരുന്നു. അതെന്തുകൊണ്ട് ചെയ്തില്ലെന്നതിനുള്ള ഉത്തരം അവർ പറയണ്ടേ? അൻസിബയുടെ ചോദ്യങ്ങൾക്ക് കുക്കുവും ശ്വേതയും ഉത്തരം പറയണം. അൻസിബയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവർ കൊച്ചുകുട്ടിയൊന്നുമല്ല. തലയിൽ ആൾത്താമസമുള്ള, നേരുള്ള കുട്ടിയാണ് അൻസിബ.” മാലാ പാർവതി പറഞ്ഞു.
“സംഘടനയുടെ ഓഫീസ് സ്റ്റാഫിന് നേരിട്ട അനുഭവങ്ങൾ ദുരൂഹമാണ്. ട്രഷറർ പീഡിപ്പിച്ചുവെന്നാണ് നമ്മളോട് പറഞ്ഞിരുന്നത്. സമയം നോക്കിയാണോ ആരെങ്കിലും ജോലി ചെയ്യുന്നത്. എന്നിരുന്നാലും ആ കുട്ടിക്കൊപ്പമാണ് ഞാൻ. ആ ജീവനക്കാരിയെപ്പോലും ഇവരുടെ ഗ്രൂപ്പ് വഴക്കിന് ഉപയോഗിച്ചു. കാരണം ശ്വേത തിരിച്ചുവിളിച്ചിട്ടും അവർ തിരികെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായില്ലല്ലോ.” മാലാ പാർവതി കൂട്ടിച്ചേർത്തു.
അതേ സമയം ഇന്നലെ നടന്ന ‘അമ്മ ജനറൽ ബോഡി യോഗത്തിൽ ശ്വേതാ മേനോൻ അടക്കമുള്ളവർ നേതൃസ്ഥാനത്തിൽ നിന്നും രാജി വെച്ചിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപാണ് ഭരണസമിതിയുടെ പടിയിറക്കം.
യോഗം തുടങ്ങിയപ്പോൾത്തന്നെ ചിലർ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷികറിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി.
തർക്കം രൂക്ഷമായതോടെ പ്രസിഡൻ്റ് ശ്വേത രാജി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഭരണസമിതി മുഴുവൻ രാജിവെക്കുകയായിരുന്നു. പിന്നീട് താത്കാലിക സംവിധാനമെന്നനിലയിൽ രമേഷ് പിഷാരടി എം.എൽ.എ.യുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഗണേഷ് കുമാർ അടക്കമുള്ളവർ കമ്മിറ്റിയിലുണ്ട്.