“ശ്വേതാ മേനോന്റെ ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു”; ഉഷ ഹസീന

','

' ); } ?>

ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നുവെന്ന് നടി ഉഷ ഹസീന.അമ്മ (AMMA) സംഘടനയുടെ കഴിഞ്ഞ ഭരണസമിതി അർഹതയില്ലാതെയാണ് പ്രവർത്തിച്ചതെന്നും, ജനറൽ ബോഡിയിൽ ശരിയായ കണക്കുകളോ റിപ്പോർട്ടുകളോ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ഉഷ പറഞ്ഞു. കൂടാതെ സ്ത്രീകൾ നേതൃത്വത്തിലേക്ക് വരിക എന്നത് വിപ്ലവകരമായ തീരുമാനമാണെങ്കിലും, അതിന് യോഗ്യതയും അർഹതയുമുള്ള സ്ത്രീകൾ തന്നെ വരണമെന്ന് ഉഷാ ഹസീന കൂട്ടിച്ചേർത്തു. ഞായറാഴ്ച നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ് കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

“കരുത്തുറ്റ നേതൃത്വമാണ് സംഘടനയ്ക്ക് ഇനിയുണ്ടാവേണ്ടത്. സംഘടന നിലനിൽക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഒരുപാട് പേർക്ക് ഇൻഷുറൻസ്, കൈനീട്ടം തുടങ്ങിയ സഹായങ്ങൾ നൽകുന്നുണ്ട്. ശ്വേതാ മേനോൻ വിലക്കിയതിനുശേഷം അച്ചടക്കമുള്ള ഒരംഗം എന്ന നിലയിൽ ഒരു പരസ്യപ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. കുറ്റാരോപിതർ സംഘടനയുടെ മുൻനിരയിലേക്ക് വന്നിട്ടില്ല.എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അവരോടുതന്നെ ചോദിക്കണം. അവർ ചിലപ്പോൾ കാര്യങ്ങൾ മനസിലാക്കിയത് അങ്ങനെയായിരിക്കും. അഡ്ഹോക് കമ്മിറ്റിയിലും കുറ്റാരോപിതരില്ല. അടുത്ത തിരഞ്ഞെടുപ്പിലും അവരാരും ഉണ്ടാകാനിടയില്ല.” ഉഷ പറഞ്ഞു.

“സ്ത്രീകൾ നേതൃത്വത്തിലേക്ക് വരിക എന്നത് വിപ്ലവകരമായ തീരുമാനമാണെങ്കിലും, അതിന് യോഗ്യതയും അർഹതയുമുള്ള സ്ത്രീകൾ തന്നെ വരണം. നിലവിലെ സമിതിക്ക് അതിനുള്ള അർഹതയില്ല. അത് കഴിഞ്ഞ പത്തുമാസം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അസംഘടനയ്ക്കുള്ളിലെ അച്ചടക്ക നടപടികളിലും വിവേചനം ഉണ്ടായി. അൻസിബയ്ക്ക് മാത്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ശരിയായ നടപടിയല്ല. മാധ്യമങ്ങളോട് പരസ്യപ്രസ്‌താവനകൾ പാടില്ലെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചിട്ടും, ചില അംഗങ്ങൾ പ്രസിഡൻ്റിനെ വെല്ലുവിളിക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയത് സംഘടനയ്ക്കുള്ളിലെ സമാധാന അന്തരീക്ഷത്തെ ബാധിച്ചു. ഇത്തരം നടപടികൾ ഇനി മേലിൽ ഉണ്ടാവരുത് എന്നതാണ് ഭൂരിഭാഗം അംഗങ്ങളുടെയും ആഗ്രഹം.

പുതിയ കമ്മിറ്റിയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. ശക്തരായ അവരെപ്പോലുള്ളവരായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ വരുന്നതും. അവരെ പിന്തുണച്ച് വിജയിപ്പിക്കും. പുതിയ തലമുറയിലെ അജു വർഗ്ഗീസിനെ പോലുള്ളവരും സീനിയർ അംഗങ്ങളും ഒരുമിച്ച് നിന്ന് സംഘടനയെ നയിക്കാനാണ് തീരുമാനം. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമായിരിക്കും ഇനി ഉണ്ടാകുക എന്ന് മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ട്.” ഉഷ ഹസീന കൂട്ടിച്ചേർത്തു.