പരാജയങ്ങളെ പടവുകളാക്കിയ പോരാളി; നായകൻ മുതൽ ജനനായകൻ വരെ

','

' ); } ?>

“ഈ മുഖം കാണാൻ ആരെങ്കിലും തീയേറ്ററിലേക്ക് വരുമോ?” പതിനെട്ടാമത്തെ വയസ്സിൽ ഒരു കൗമാരക്കാരൻ നേരിട്ട ഏറ്റവും കടുത്ത പരിഹാസമായിരുന്നു അത്. എന്നാൽ, കാലം കാത്തുവെച്ച മറുപടി മറ്റൊന്നായിരുന്നു. അന്ന് പരിഹസിക്കപ്പെട്ട അതേ മുഖമൊന്ന് കാണാൻ പിന്നീട് തീയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. അവിടെയുമവസാനിച്ചില്ല, അതേ മുഖത്തിലുള്ള വിശ്വാസത്തിന്റെ പേരിൽ അഞ്ചുകോടി ജനങ്ങൾ തങ്ങളുടെ വിരലുകളിൽ സമ്മതിദാനത്തിന്റെ മഷിപുരട്ടിയത് ചരിത്രത്തിന്റെ മറ്റൊരു സുവർണ്ണേട്. വെള്ളിത്തിരയിലെ വിസ്മയങ്ങൾക്കപ്പുറം തമിഴകത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ, പുത്തൻ തലമുറപോലും ആവേശത്തോടെ കൊണ്ടാടുന്ന ദളപതിയെന്ന സാക്ഷാൽ “ജോസഫ് വിജയ്യുടെ കഥ, കേവലമൊരു വ്യക്തിയുടെ ജനനത്തിനപ്പുറത്തേക്ക് ജൂൺ 22 ഒരു ജനതയുടെ ഉത്സവമായി മാറിയ കഥ കൂടിയാണ്. ജോസഫ് വിജയ്ക്ക്, അഥവാ ദളപതിക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ക്യാമറയ്ക്ക് മുന്നിലെ അഭിനയമുഹൂർത്തങ്ങളിൽ നിന്ന് ജനങ്ങൾക്കിടയിലേക്കും, അവിടെ നിന്ന് തമിഴ്നാടിന്റെ ഭരണസാരഥ്യത്തിലേക്കും അദ്ദേഹം നടന്നുകയറിയ വഴികൾ സമാനതകളില്ലാത്തതാണ്. ഒരു നടനെന്ന നിലയിൽ അദ്ദേഹം നേടിയ കയ്യടികളേക്കാൾ എത്രയോ വലുതാണ് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ജനങ്ങൾ അദ്ദേഹത്തിലർപ്പിച്ച അടിയുറച്ച വിശ്വാസം. സിനിമാലോകത്തെ ‘ഇളയദളപതി’യിൽ നിന്നും ‘ദളപതി’യിലേക്കും, അവിടെനിന്ന് കോടിക്കണക്കിന് തമിഴകമക്കളുടെ നാഥനായ മുഖ്യമന്ത്രി പദത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്ര കേവലമൊരു സിനിമാക്കഥയെക്കാൾ ആവേശകരവും പ്രചോദനാത്മകവുമാണ്.

സിനിമയിലേക്കുള്ള വിജയ്‌യുടെ കാൽവെപ്പ് അത്ര എളുപ്പമായിരുന്നില്ല. പ്രശസ്ത സംവിധായകൻ എസ്. എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭയുടെയും മകനായി ജനിച്ചെങ്കിലും, സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്താൻ അദ്ദേഹം ഒട്ടേറെ കഷ്ടപ്പെട്ടു. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയ്, 1992-ൽ ‘നാളൈയ തീർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കകാലത്ത് ഒരുപാട് കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. രൂപത്തെയും ശരീരപ്രകൃതിയെയും അഭിനയശേഷിയെയും വരെ ചോദ്യം ചെയ്തുകൊണ്ട് പല സിനിമാ മാസികകളും നിരൂപകരും അദ്ദേഹത്തെ എഴുതിത്തള്ളി.

“ഇതൊക്കെ ഒരു നായകനാകാനുള്ള മുഖമാണോ?” എന്ന് ചോദിച്ചവർ പോലുമുണ്ട്. എന്നാൽ പരിഹസിച്ചവരുടെ മുന്നിൽ തോറ്റുകൊടുക്കാൻ വിജയ് തയ്യാറായിരുന്നില്ല. മറുപടികൾ വാക്കുകളിലല്ല, തന്റെ പ്രവൃത്തിയിലും സിനിമകളിലുമാണ് നൽകേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു. കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കി അദ്ദേഹം തന്റെ പോരായ്മകളെ ഓരോന്നായി തിരുത്തിക്കൊണ്ടിരുന്നു. നൃത്തത്തിലും ഫൈറ്റിലും തന്റേതായൊരു ശൈലി രൂപപ്പെടുത്തി. 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന ചിത്രമാണ് വിജയ്‌യുടെ കരിയറിലെ ആദ്യത്തെ വലിയ വഴിത്തിരിവായത്. പിന്നീട് കാതലിക്ക് മരിയാദൈ, തുള്ളാത മനവും തുള്ളും, കുഷി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴ്നാട്ടിലെ യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ ആയി മാറി.

പ്രണയനായകനിൽ നിന്നും ഒരു മാസ്സ് ആക്ഷൻ ഹീറോയിലേക്കുള്ള വിജയ്‌യുടെ വളർച്ച കൃത്യമായൊരു ഗ്രാഫിലൂടെയായിരുന്നു. തിരുമല, ഗില്ലി, പോക്കിരി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഉയർത്തി. പ്രത്യേകിച്ച് ‘ഗില്ലി’യിലെ വേലു എന്ന കഥാപാത്രം തമിഴ്നാടിന്റെ അതിർത്തികൾ ഭേദിച്ച് കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. ഗില്ലിയിലെ കബഡി പശ്ചാത്തലവും പോക്കിരിയിലെ അണ്ടർകവർ പോലീസ് വേഷവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് തുപ്പാക്കിയിലെ ജഗദീഷ്, കത്തിയിലെ കതിരേശൻ, ജീവാനന്ദം, മെർസലിലെ വെട്രി, സിലമ്പരശൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായി മാറി. തന്റെ സിനിമകളിലൂടെ കേവലം വിനോദം മാത്രമല്ല, ചില സാമൂഹിക സന്ദേശങ്ങൾ കൂടി നൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ ‘കത്തി’യും, കോർപ്പറേറ്റ് ആരോഗ്യമേഖലയിലെ ചൂഷണങ്ങൾ തുറന്നുകാട്ടിയ ‘മെർസലും’, വോട്ടിംഗ് അവകാശത്തെക്കുറിച്ച് സംസാരിച്ച ‘സർക്കാരു’മെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങൾ പലതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും, ജനങ്ങൾക്കിടയിൽ വിജയ്‌യുടെ സ്വാധീനം വർദ്ധിപ്പിക്കാൻ മാത്രമാണ് അവ സഹായിച്ചത്.

സിനിമയിലെ വിജയങ്ങൾക്കൊപ്പം തന്നെ വലിയ പ്രതിസന്ധികളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ‘തലൈവാ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ പ്രശ്നങ്ങൾ, മെർസലിലെ ജിഎസ്ടി ഡയലോഗുകൾക്കെതിരെ ഭരണകൂടം നടത്തിയ നീക്കങ്ങൾ, മാസ്റ്റർ സിനിമയുടെ ചിത്രീകരണ സമയത്ത് സെറ്റിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് എന്നിവയെല്ലാം അദ്ദേഹത്തെ മാനസികമായി തളർത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ അപ്പോഴെല്ലാം അസാമാന്യമായ സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിമർശകർക്ക് തന്റെ വൻവിജയങ്ങളിലൂടെ അദ്ദേഹം മറുപടി നൽകി. ഓഡിയോ ലോഞ്ചുകളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കായി ആരാധകർ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകരും കാത്തിരിക്കുന്ന അവസ്ഥ വന്നു. തന്റെ കൊച്ചു കൊച്ചു കഥകളിലൂടെയും (കുട്ടി സ്റ്റോറി) പാട്ടുകളിലൂടെയും അദ്ദേഹം സമൂഹത്തിലെ പല കാര്യങ്ങളെക്കുറിച്ചും തന്റെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തി. “എൻ നെഞ്ചിൽ കുടിയിരുക്കും…” എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ അഭിസംബോധന ആരാധകർക്ക് ഒരു വികാരം തന്നെയായി മാറി.

സ്ക്രീനിലെ വികാരക്ഷുഭിതനായ, നായകനപ്പുറത്തേക്ക് അയാൾക്കൊരു കൃത്യമായ നിരീക്ഷണബോധമുണ്ടായിരുന്നു, അനേകം പരീക്ഷണങ്ങൾക്കും, പരീക്ഷകൾക്കുമപ്പുറം പൊടുന്നനെ തന്റെ മൂന്നു പതിറ്റാണ്ടിന്റെ സിനിമാ ജീവിതം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ പ്രവേശനം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായതായിരുന്നില്ല. വർഷങ്ങളായി അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനായ ‘വിജയ് മക്കൾ ഇയക്കം’ വഴി വലിയ തോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിവന്നിരുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകാനും, വിശക്കുന്നവർക്ക് അന്നദാനം നടത്താനും, പ്രകൃതിദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹത്തിന്റെ ആരാധകർ മുൻപന്തിയിലുണ്ടായിരുന്നു. ഒടുവിൽ, തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് ഒരു പുതിയ ബദൽ എന്ന നിലയിൽ ‘തമിഴക വെട്രി കഴകം’ (TVK) എന്ന തന്റെ രാഷ്ട്രീയ പാർട്ടി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരിയറിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോൾ, കോടികളുടെ പ്രതിഫലം വേണ്ടെന്നുവെച്ച്, അഭിനയം നിർത്തി മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ കാണിച്ച ആ ചങ്കൂറ്റം ചരിത്രത്തിൽ അപൂർവ്വമാണ്. സിനിമയിലെ സുരക്ഷിതത്വത്തിൽ നിന്ന് ജനകീയ പ്രശ്നങ്ങളുടെ ചൂടിലേക്കുള്ള ആ ചുവടുമാറ്റം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവായിരുന്നു.

2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട ഒന്നായി മാറി. പതിറ്റാണ്ടുകളായി തമിഴ്നാട് ഭരിച്ചുകൊണ്ടിരുന്ന വൻകിട രാഷ്ട്രീയ പാർട്ടികൾക്കെതിരെ, യാതൊരു മുൻകാല രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരു നടൻ ഒറ്റയ്ക്ക് പോരാടാനിറങ്ങിയത് പലരും സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ തമിഴ്നാട്ടിലെ യുവാക്കളും സ്ത്രീകളും ഗ്രാമീണ ജനതയും വിജയ് എന്ന വ്യക്തിയിൽ തങ്ങളുടെ പ്രതീക്ഷകൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും, അഴിമതിക്കെതിരായ നിലപാടുകളും ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം ജനസാഗരം ഇരമ്പിയെത്തി. കേവലമൊരു സിനിമാതാരത്തെ കാണാൻ വന്നവരല്ല, മറിച്ച് തങ്ങളുടെ നാടിനെ നയിക്കാൻ പോകുന്ന നേതാവിനെ കാണാൻ വന്നവരായിരുന്നു അവർ. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയും വിജയവുമായി മാറി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി തമിഴക വെട്രി കഴകം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.

സിനിമയിൽ നൂറുപേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകനെക്കണ്ട് കയ്യടിച്ച ജനങ്ങൾ, യാഥാർത്ഥ്യത്തിൽ തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാൻ അദ്ദേഹം മുന്നിൽ നിൽക്കുന്നത് കണ്ട് കൂടുതൽ ആവേശഭരിതരായി. ഇന്ന്, തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ അദ്ദേഹം നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. എന്നാൽ സിനിമയിൽ കണ്ട അതേ ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയുമാണ് അദ്ദേഹം ഭരണരംഗത്തും മുന്നോട്ട് പോകുന്നത്. ഒരിക്കൽ തന്റെ രൂപത്തെയും കഴിവിനെയും നോക്കി പരിഹസിച്ചവരുടെ നാടായ തമിഴ്നാടിന്റെ തന്നെ തലവനായി അദ്ദേഹം മാറിയെന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ഇത് വെറുമൊരു നടന്റെ വിജയമല്ല, മറിച്ച് സ്വപ്നം കാണാനും അതിനുവേണ്ടി അവസാന നിമിഷം വരെ പോരാടാനും തയ്യാറുള്ള ഏതൊരു മനുഷ്യന്റെയും വിജയമാണ്. വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലേക്കും, അവിടെ നിന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കും വളർന്ന ജോസഫ് വിജയ്‌ക്ക്, അദ്ദേഹത്തിന്റെ പുതിയ ജീവിതയാത്ര കൂടുതൽ ശോഭനമാകട്ടെ എന്ന് ഈ ജന്മദിനത്തിൽ നമുക്ക് ആശംസിക്കാം. ഒരു പുതിയ തമിഴ്നാടിന്റെ സൃഷ്ടിക്കായി അദ്ദേഹത്തിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ, പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.