
താരസംഘടനയായ ‘അമ്മ’യിൽ (A.M.M.A) അസാധാരണ പ്രതിസന്ധി. കടുത്ത ആഭ്യന്തര ഭിന്നതകളെയും വിമർശനങ്ങളെയും തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജി പ്രഖ്യാപിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുക്കുന്നത്.
ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും കണക്കുകളും അംഗീകരിക്കാൻ ജനറൽ ബോഡി തയ്യാറാകാതിരുന്നതാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. കണക്കുകളിലെയും റിപ്പോർട്ടിലെയും വീഴ്ചകൾ അംഗങ്ങൾ യോഗത്തിൽ ശക്തമായി ചോദ്യം ചെയ്തു. ചർച്ചകൾക്കിടെ പ്രസിഡന്റ് ശ്വേതാ മേനോൻ ആദ്യം രാജി പ്രഖ്യാപിച്ചെങ്കിലും മറ്റംഗങ്ങൾ ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ യോഗത്തിൽ ഉയർന്ന കടുത്ത എതിർപ്പുകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും പിന്നാലെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടായി സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു. ഭരണപ്രതിസന്ധി ഒഴിവാക്കാൻ സംഘടനയുടെ ചുമതല ഉടൻ തന്നെ ഒരു താത്കാലിക സമിതിക്ക് കൈമാറാനാണ് സാധ്യത.
നേതൃത്വത്തിനുള്ളിലെ ചേരിപ്പോരും പരസ്യമായ വിഴുപ്പലക്കലുമാണ് സംഘടനയെ ഈ അവസ്ഥയിലെത്തിച്ചത്. നിരന്തരം പരസ്യപ്രസ്‌താവനകൾ നടത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി അൻസിബയ്ക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കമുണ്ട്.
എന്നാൽ പ്രധാന ഭാരവാഹിയായ ലക്ഷ്മിപ്രിയയിൽ നിന്നും എക്സിക്യൂട്ടീവ് അംഗം ടിനി ടോമിൽ നിന്നും തനിക്ക് കടുത്ത അപമാനവും വേദനയും നേരിടേണ്ടി വന്നെന്നാണ് അൻസിബ തിരിച്ചടിക്കുന്നത്. ഇതിനിടെ അൻസിബയുടെ നിലപാടുകൾ കൃത്യമായി പരിശോധിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് ടിനി ടോം, ജോയ് മാത്യു, ലക്ഷ്മിപ്രിയ എന്നിവർക്ക് നേതൃത്വം നേരത്തെ തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അതേസമയം, സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ മുൻനിര താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധേയമായി. മമ്മൂട്ടിയും സുരേഷ് ഗോപിയും നിർണായക ജനറൽ ബോഡി യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, മുൻനിരയിൽ നിന്ന് മോഹൻലാൽ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.