“ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്?, ജീവനോടെ കൊന്ന് യൂട്യൂബ് ചാനലുകൾ പണമുണ്ടാക്കുകയാണ്”; കുളപ്പുള്ളി ലീല

','

' ); } ?>

വ്യാജ മരണവാർത്തക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി കുളപ്പുള്ളി ലീല. തന്നെ ജീവനോടെ കൊന്ന് യൂട്യൂബ് ചാനലുകൾ പണമുണ്ടാക്കുകയാണെന്നും, ഒരാളെ കൊന്നുണ്ടാക്കുന്ന പണം അവർക്ക് ദഹിക്കില്ലെന്നും നടി തുറന്നടിച്ചു. ഇത്തരം വ്യാജവാർത്തകൾ പ്രായമായ തന്റെ അമ്മയെ മാനസികമായി ഏറെ തളർത്തിയെന്നും, കുറച്ചുകാലം കൂടി ജീവിക്കാൻ അനുവദിക്കണമെന്നും സങ്കടത്തോടെ നടി പറഞ്ഞു.

‘ഞാൻ മരിച്ചോ എന്നറിയാൻ ഒരുപാട് പേര് എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്. ഫസ്റ്റിൽ എനിക്ക് റീത്തും കൊണ്ടുവന്നു. ഞങ്ങളുടെ അവിടെ കിഴക്കേപ്പുറം അമ്പലത്തിൽ പൂജ ചെയ്യുന്ന ഒരു നമ്പൂരിയും അതിന്റെ ഭാര്യയാണ് ഞാൻ മരിച്ചതെന്ന് അറിഞ്ഞു എന്നെ കാണാൻ വന്നത്. ഒരു ദിവസം എല്ലാവരുടെയും ഫോണിൽ കുളപ്പുള്ളി ലീല മരിച്ചു ആദരാഞ്ജലി എന്ന പോസ്റ്റ് വന്നു. ഇതറിഞ്ഞു ഇവർ റീത്ത് കൊണ്ട് വന്നു.

ഏറ്റവും സങ്കടം ഉണ്ടായത് ഈ ഫോൺ ഇങ്ങനെ വിളിക്കുന്നത് എന്റെ അമ്മ കേൾക്കുന്നുണ്ട്. എന്റെ ലീലക്ക് എന്താ പറ്റിയത് മരിച്ചു എന്നൊക്കെ പറയുന്നു അപ്പോൾ എന്റെ ലീല അല്ലെ ആ ഇരിയ്ക്കുന്നതെന്ന് പറഞ്ഞു. യൂട്യൂബുക്കാരാണ് ഇത്രയും ഇത് വളർത്തി ഉണ്ടാകുന്നത്. കാരണം എന്താ അവർക്ക് ഏറ്റവും കൂടുതൽ പൈസ കിട്ടും. പക്ഷെ ഞാൻ ഒരൊറ്റ കാര്യം പറയുകയാണ്, ഒരാളെ കൊന്ന് നിങ്ങൾ പൈസ ഉണ്ടാക്കിയാൽ അത് നിങ്ങൾക്ക് തിന്നാൽ ദഹിക്കില്ല, നിങ്ങൾ ദൈവത്തെ ഓർത്ത് മരിക്കാത്ത എന്നെ കൊല്ലരുത്. എന്നെ ഇനി കൊല്ലല്ലേ മക്കളെ കുറച്ചു നാളുകൂടി ജീവിക്കണം എന്നുണ്ട്. ഭയങ്കര സങ്കടമാണ്.’ കുളപ്പുള്ളി ലീല പറഞ്ഞു.

‘ഒരിക്കൽ, ഒരാൾ സിനിമയുടെ ആവശ്യത്തിന് വിളിച്ച് എന്റെ നമ്പർ ചോദിച്ചപ്പോൾ ഞാൻ കിടന്ന കിടപ്പിലാണെന്ന് പറഞ്ഞു. മലമൂത്രം എല്ലാം പോയി കിടക്കുന്ന വസ്ഥയിലാണ് നിങ്ങൾക് ഇരുത്തി അഭിനയിപ്പിക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ എന്നെ ഒന്ന് കണ്ട് പോകാം എന്ന് പറഞ്ഞു അവർ എന്നെ വിളിച്ചു വീട്ടിൽ വന്നു. അപ്പോഴാണ് എന്നെ ആരോഗ്യത്തോടെ അവർ കാണുന്നത്. ആ പറഞ്ഞവരുടെ ചെകിട്ടത് കൊടുക്കാൻ തോന്നിയെന്ന് ആ പയ്യൻ പറഞ്ഞു. എനിക്ക് അറിയില്ല എന്തിനാണ് ഇത്രയും പാര വരുന്നത്’ കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.

നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ളി ലീല. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തിയത്. ഹാസ്യകഥാപാത്രങ്ങളെയാണ് ലീല സിനിമകളിൽ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ ഏകദേശം 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കുളപ്പുള്ളി ലീല മലയാളം കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി കുളപ്പുള്ളി ലീല അന്തരിച്ചുവെന്ന വാർത്ത നിറഞ്ഞിരുന്നു.