
തന്റെ നിലപാടുകളും അഭിപ്രായങ്ങളും എപ്പോഴും തുറന്നുപറയുന്നതിൽ മടിയില്ലാത്ത താരമാണ് നിഖില വിമൽ. എന്നാൽ ഇത്തരം തുറന്നുപറച്ചിലുകളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയ ആക്രമണങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നിഖില വെളിപ്പെടുത്തുന്നു. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും, ഇത്തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ മാത്രമാണ് കൂടുതൽ കാര്യങ്ങൾ സമൂഹത്തിലേക്ക് എത്തുന്നതെന്നും നിഖില വ്യക്തമാക്കി.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനന്തൻ കാട്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ‘അനന്തൻ കാട്’ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്ന ചിത്രമാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിഖില വിമൽ.
“നമ്മൾ ജീവിക്കുന്നത് ജനാധിപത്യപരമായ ഒരു രാജ്യത്താണ്. നമുക്കെല്ലാവർക്കും അഭിപ്രായങ്ങളുണ്ടാകാം. എന്റെ അഭിപ്രായമായിരിക്കില്ല മറ്റൊരാൾക്ക്. എന്നുവച്ച് ഞാനോ നിങ്ങളോ ഇവിടെ ജീവിക്കാൻ ഓക്കെ അല്ലാത്ത ആൾക്കാർ എന്നൊന്നില്ല. എല്ലാവർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായിരിക്കും. ചിലർക്ക് പറയുന്നതായിരിക്കാം, ചിലർക്ക് എഴുതുന്നതായിരിക്കാം സുഖം. എല്ലാവർക്കും അഭിപ്രായമുണ്ടെങ്കിലേ നമുക്ക് ഈ സമൂഹത്തിലിങ്ങനെ ജീവിക്കാൻ പറ്റുകയുള്ളൂ. ഒരു എതിരഭിപ്രായമുണ്ടെങ്കിലും അത് നല്ലതാണ്. അല്ലെങ്കിൽ നമ്മൾ പറയുന്നത് മാത്രമാണ് ശരി എന്നൊരു പോയ്ന്റ് വരില്ലേ.” നിഖില പറഞ്ഞു.
“അങ്ങനെയല്ല, എല്ലാവർക്കും അഭിപ്രായങ്ങളുണ്ടാകുമ്പോൾ അത്തരം ചർച്ചകളുണ്ടാകുമ്പോൾ അത് കുറേക്കൂടി ആൾക്കാരിലേക്ക് എത്തും. ആൾക്കാർക്ക് കുറേക്കൂടി അഭിപ്രായം അതിലുണ്ടായി വരും. ചിലപ്പോൾ ഒരു കാര്യം സംഭവിച്ചില്ല എന്ന് വിചാരിക്ക്. ചിലപ്പോൾ അതിനെപ്പറ്റി നമുക്കൊരിക്കലും അഭിപ്രായമുണ്ടാകില്ല. കാരണം അങ്ങനെയൊരു സംഭവത്തെപ്പറ്റി നമുക്കറിയില്ല. സ്വാഭാവികമായും അത്തരം ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുകയും കൂടുതൽ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യേണ്ടിയും വരിക.
ഇന്ന വിഭാഗം എന്നുള്ളതൊന്നുമല്ല. ചർച്ചകളെപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുക. അതിപ്പോൾ ഒരു സിനിമയിലൂടെയാകുമ്പോൾ അത് കൂടുതൽ ഉണ്ടായിവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്”. – നിഖില കൂട്ടിച്ചേർത്തു.
ആര്യ നായകനായെത്തുന്ന അനന്തൻകാട് ജൂൺ 25 നാണ് തിയറ്ററുകളിലെത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.