
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് യൂട്യൂബ് വ്ലോഗർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും തൃക്കാക്കര എസിപിക്കും പരാതി നൽകി നടി ലക്ഷ്മിപ്രിയ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും തനിക്കെതിരെയുള്ള ഈ വൈരാഗ്യത്തിന്റെ കാരണവും വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്റ് നാളെ വൈകുന്നേരം പൊതുജന മധ്യത്തിൽ പുറത്തുവിടുമെന്നും നടി അറിയിച്ചു.
തന്റെ വീട്ടിൽ വന്നു കണ്ട് ബോധ്യപ്പെട്ടതുപോലെ, തനിക്ക് കള്ളൊഴിച്ചു തന്നതുപോലെയാണ് വ്ലോഗർ പോസ്റ്റിട്ടിരിക്കുന്നതെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്നു. മറ്റുള്ളവർ കാണുന്ന തന്റെ അഹങ്കാരം യഥാർത്ഥത്തിൽ ആത്മവിശ്വാസമാണെന്നും, തന്നെ നയിക്കുന്നത് മുന്നിൽ നടക്കുന്ന ഈശ്വരനാണെന്നും നടി വ്യക്തമാക്കി. നെറികേടുകൾ പറഞ്ഞ് ജീവിക്കുന്നവരോട് ‘വളയ്ക്കാം പക്ഷേ ഒടിക്കരുത്’ എന്ന് മുന്നറിയിപ്പ് നൽകിയ താരം, നാളിതുവരെ ആരോടും കള്ളം പറഞ്ഞോ വഞ്ചിച്ചോ ജീവിച്ചിട്ടില്ലെന്നും സത്യമേവ ജയതേയെന്നും കൂട്ടിച്ചേർത്തു.
അതേസമയം ലക്ഷ്മിപ്രിയയുടെ വ്യക്തിജീവിതത്തെയും പെരുമാറ്റത്തെയും കുറിച്ച് അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുട്യൂബർ ഉന്നയിച്ചിരിക്കുന്നത്. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും, സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും യൂട്യൂബർ ആരോപിക്കുന്നു. തങ്ങളുടെ പഴയകാലത്തെ മോശം കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന ഭയം ലക്ഷ്മിപ്രിയയ്ക്കുണ്ടെന്നും അതുകൊണ്ടാണ് അവർ മറ്റുള്ളവർക്കെതിരെ തിരിയുന്നതെന്നും വ്ലോഗിലൂടെ പറയുന്നുണ്ട്. അൻസിബയുമായുള്ള തർക്കം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ വന്നിട്ടുള്ള ഈ പുതിയ സൈബർ അറ്റാക്കും വെളിപ്പെടുത്തലുകളും താരങ്ങൾക്കിടയിലെയും സോഷ്യൽ മീഡിയയിലെയും തർക്കങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.