
“കഥ പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറിയില്ലെങ്കിലും, അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് നന്നായി അറിയാം…”ആറു വർഷങ്ങളുടെ കനമുള്ള ശൂന്യതക്കപ്പുറവും ഏറെ മനോഹരമായി സച്ചി ഇത് വീണ്ടും പറയുന്ന പോലെ. ഓർമ്മകളുടെ ഭാരത്തിന് ആറാണ്ട് തികയുമ്പോഴും, സച്ചിയുടെ തിരക്കഥകളുടെ അഭാവം മലയാള സിനിമ ഇന്നും ഗൗരവത്തോടെ തിരിച്ചറിയുന്നുണ്ട്. വെള്ളിത്തിരയിൽ അദ്ദേഹം ബാക്കിവെച്ചുപോയ ആഴമേറിയ കഥാപാത്രങ്ങളും തീക്ഷ്ണമായ ആഖ്യാനങ്ങളും ഇന്നും പ്രേക്ഷകമനസ്സുകളിൽ ഒടുങ്ങാത്ത ചർച്ചയായി തുടരുന്നു. സംവിധായകനായും, തിരക്കഥാകൃത്തായും മലയാള സിനിമയുടെ ഭാവുകത്വത്തിന് പുതുമ നൽകിയ സംവിധായകന് സെല്ലുലോയ്ഡിന്റെ ഓർമ്മകളുടെ പൂച്ചെണ്ട്…
സിനിമയുടെ വാണിജ്യ ചേരുവകളെയും കലാപരമായ മൂല്യങ്ങളെയും ഒരേ നൂലിൽ കോർത്തുവെക്കാൻ കഴിഞ്ഞ അത്യപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു സച്ചി. വക്കീൽ ജാക്കറ്റിൽ നിന്നും സിനിമയുടെ മാന്ത്രിക ലോകത്തേക്ക് ചുവടുവെച്ച സച്ചി, ഓരോ സിനിമയിലൂടെയും മലയാളിയുടെ ആസ്വാദന നിലവാരത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു. രചനയിലെ സൂക്ഷ്മതയും കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളെ ദൃശ്യവൽക്കരിക്കാനുള്ള അസാധ്യമായ കഴിവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. ‘റൺ ബേബി റൺ’, ‘രാമലീല’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തെന്ന നിലയിൽ അദ്ദേഹം തന്റേതായ ഒപ്പ് ചാർത്തി. പിന്നീട് ‘അനാർക്കലി’യിലൂടെ സംവിധാനത്തിലേക്ക് കടന്ന അദ്ദേഹം, ‘അയ്യപ്പനും കോശിയും’ എന്ന തന്റെ അവസാന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. അഹങ്കാരവും പ്രതികാരവും തമ്മിലുള്ള മനുഷ്യസഹജമായ പോരാട്ടത്തെ ഇത്രയേറെ ആഴത്തിൽ അവതരിപ്പിച്ച മറ്റൊരു സമകാലിക ചിത്രം കണ്ടെത്തുക പ്രയാസമാണ്. ആ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ, സർഗ്ഗാത്മകതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ആ വിയോഗം എന്നത് സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു.
കാലം ആറ് വർഷങ്ങൾ കടന്നുപോയിട്ടും, സച്ചി എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ നിന്ന് ഒട്ടും മാഞ്ഞുപോയിട്ടില്ല. അദ്ദേഹത്തിന്റെ വരികളും കഥാപാത്രങ്ങളും ഇന്നും ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി ജീവിക്കുന്നു. ഒരു മികച്ച കഥാകാരൻ എന്നതിലുപരി, സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കെല്ലാം ഊഷ്മളമായ സൗഹൃദം സമ്മാനിച്ച പ്രിയപ്പെട്ട സച്ചിയേട്ടനായിരുന്നു അദ്ദേഹം. ആ അകാല വിയോഗം സൃഷ്ടിച്ച ശൂന്യത മലയാള സിനിമയ്ക്ക് ഇന്നും നികത്താനാകാത്ത ഒന്നായി അവശേഷിക്കുന്നു. ഈ ഓർമ്മദിനത്തിൽ, മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും ആ സിനിമാസ്നേഹിയെയും സ്നേഹത്തോടെയും ആദരവോടെയും ഓർക്കുകയാണ്. സിനിമയുള്ളിടത്തോളം കാലം സച്ചിയുടെ ഓർമ്മകൾക്ക് മരണമില്ല.
വെറും ഒരു സംവിധായകൻ എന്നതിലുപരി, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും പകയെയും സ്നേഹത്തെയും ഇത്രമേൽ തീക്ഷ്ണമായി ആവിഷ്കരിച്ച മറ്റൊരു തിരക്കഥാകൃത്ത് അടുത്ത കാലത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു അഭിഭാഷകന്റെ കൃത്യതയോടെയും ഒരു കലാകാരന്റെ ആത്മാവോടെയുമാണ് സച്ചി ഓരോ കഥാപാത്രങ്ങളെയും ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചത്.
സച്ചി-സേതു കൂട്ടുകെട്ടിലൂടെയാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ‘ചോക്ലേറ്റ്’ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ തുടങ്ങിയ ആ യാത്ര പിന്നീട് ‘റോബിൻഹുഡ്’, ‘മേക്കപ്പ് മാൻ’, ‘സീനിയേഴ്സ്’ തുടങ്ങിയ നിരവധി വിജയചിത്രങ്ങൾക്ക് വഴിമാറി. എന്നാൽ ഈ കൂട്ടുകെട്ട് പിരിഞ്ഞതിനുശേഷമാണ് സച്ചിയിലെ യഥാർത്ഥ എഴുത്തുകാരൻ പൂർണ്ണമായി ഉണർന്നത്. ഒറ്റയ്ക്ക് എഴുതിയ ‘റൺ ബേബി റൺ’ എന്ന മോഹൻലാൽ ചിത്രം സച്ചിയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു. മാധ്യമപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആ ത്രില്ലർ ചിത്രം സച്ചിയുടെ കഥപറച്ചിലിന്റെ വേഗതയും മികവും തെളിയിക്കുന്നതായിരുന്നു. എന്നാൽ സച്ചി എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും വിശ്വരൂപം മലയാളി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ‘അനാർക്കലി’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ, പ്രണയത്തെ ഇത്രയും മനോഹരമായി ദൃശ്യവൽക്കരിച്ച മറ്റൊരു ചിത്രം മലയാളത്തിൽ മറ്റൊന്നില്ല. പ്രണയത്തിന് കാത്തിരിപ്പിന്റെയും കടലിന്റെയും ആഴമുണ്ടെന്ന് സച്ചി ആ ചിത്രത്തിലൂടെ നമുക്ക് കാണിച്ചുതന്നു.
ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ സച്ചിയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്നത് ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റണ്ണോ‘ അല്ലെങ്കിൽ ദിലീപിന്റെ ‘രാമലീല’യോ ഒക്കെയാണെങ്കിലും, ഷാഫി സംവിധാനം ചെയ്ത ‘ഷെർലക് ടോംസ്’ ഒക്കെയാണെങ്കിലും, പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രം സച്ചിയുടെ എഴുത്തിന്റെ മൂർച്ച കൃത്യമായി തെളിയിച്ചു. ഒരു സൂപ്പർസ്റ്റാറും അയാളുടെ കടുത്ത ആരാധകനും തമ്മിലുള്ള ഈഗോയും, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളും വളരെ ലളിതമായും എന്നാൽ അത്രമേൽ ശക്തമായും സച്ചി എഴുതിവെച്ചു. ഒരു സാധാരണക്കാരന്റെയും ഒരു പ്രശസ്തന്റെയും ആത്മാഭിമാനങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു ആ ചിത്രം.
എന്നാൽ സച്ചി എന്ന പ്രതിഭ മലയാള സിനിമയുടെ ചരിത്രതാളുകളിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്തത് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാസിക് കൊമേഴ്സ്യൽ ചിത്രങ്ങളിൽ ഒന്നായി അത് മാറി. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ, ഒരു റിട്ടയേർഡ് ഹവിൽദാറും ഒരു പോലീസ് സബ് ഇൻസ്പെക്ടറും തമ്മിലുള്ള അഹന്തയുടെയും അധികാരത്തിന്റെയും പോരാട്ടം കേവലം ഒരു ആക്ഷൻ പടം മാത്രമായിരുന്നില്ല, മറിച്ച് ജാതിയും രാഷ്ട്രീയവും മനുഷ്യന്റെ ഉള്ളിലെ മൃഗീയമായ ഈഗോയും തുറന്നുകാട്ടുന്ന ഗംഭീരമായ ഒരു ദൃശ്യാവിഷ്കാരമായിരുന്നു. ബിജു മേനോന്റെ അയ്യപ്പൻ നായരും പൃഥ്വിരാജിന്റെ കോശി കുര്യനും മലയാളി പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ ആഴ്ന്നിറങ്ങി. ചിത്രത്തിലെ നാടൻ പാട്ടുകളും ആദിവാസി സംസ്കാരത്തിന്റെ പശ്ചാത്തലവുമെല്ലാം സച്ചി എന്ന സംവിധായകന്റെ സൂക്ഷ്മമായ നിരീക്ഷണപാടവത്തിന്റെ തെളിവുകളായിരുന്നു. ഈ ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ സച്ചിയുടെ പ്രതിഭയ്ക്കുള്ള മരണാനന്തര ബഹുമതി കൂടിയായിരുന്നു.
സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ നഷ്ടം ഇന്നും നികത്താനാവാത്തതാണ്. കാരണം, അദ്ദേഹം കേവലം സിനിമകൾ ചെയ്യുക മാത്രമായിരുന്നില്ല, മറിച്ച് സിനിമയുടെ വ്യാകരണത്തെ ജനപ്രിയമായ രീതിയിൽ തിരുത്തിയെഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് വെളുപ്പും കറുപ്പും നിറഞ്ഞ കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു, പകരം അവരെല്ലാം ചാരനിറമുള്ള, പോരായ്മകളുള്ള യഥാർത്ഥ മനുഷ്യരായിരുന്നു. ആറ് വർഷങ്ങൾ കടന്നുപോയിട്ടും, ഓരോ പുതിയ സിനിമകൾ കാണുമ്പോഴും, ‘ഇത് സച്ചി എഴുതേണ്ടതായിരുന്നു’ അല്ലെങ്കിൽ ‘സച്ചി ഉണ്ടായിരുന്നുവെങ്കിൽ ഈ സിനിമ മറ്റൊരു തലത്തിൽ എത്തിയേനെ’ എന്ന് പ്രേക്ഷകരും സിനിമാപ്രേമികളും ഒരുപോലെ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം അദ്ദേഹം സൃഷ്ടിച്ച ശൂന്യത അത്രമേൽ വലുതാണ് എന്നാണ്.
ഒരുപാട് കഥകൾ മനസ്സിൽ ബാക്കിവെച്ചാണ് സച്ചി യാത്രയായത്. പൃഥ്വിരാജിനെയും മമ്മൂട്ടിയെയും വെച്ചുള്ള വലിയ പ്രൊജക്റ്റുകൾ, ഇനിയും ജനങ്ങളിലേക്ക് എത്തേണ്ടിയിരുന്ന ശക്തമായ സാമൂഹിക പ്രസക്തമായ കഥകൾ… അങ്ങനെ എത്രയെത്ര സ്വപ്നങ്ങളാണ് ആ നാൽപ്പത്തിയെട്ടാം വയസ്സിൽ പൊലിഞ്ഞുപോയത്. ശരീരം കൊണ്ട് ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞെങ്കിലും, തിയേറ്ററുകളിൽ ഇനിയും മുഴങ്ങുന്ന ആ കയ്യടികളിലൂടെ, ചലച്ചിത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരക്കഥകളിലൂടെ സച്ചി ജീവിക്കുകയാണ്. മലയാള സിനിമയുള്ളിടത്തോളം കാലം സച്ചി എന്ന പേരും അദ്ദേഹത്തിന്റെ സിനിമകളും ഇവിടെത്തന്നെയുണ്ടാകും. പ്രിയപ്പെട്ട സച്ചി, അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.