
തനിക്കുനേരെയുള്ള സൈബർ അധിക്ഷേപങ്ങളെയും ബോഡി ഷെയ്മിങ്ങിനെയും ശക്തമായി പ്രതിരോധിച്ചുകൊണ്ട് നടി ഖുശ്ബുവിൻ്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്ദിത സുന്ദർ. ആളുകൾ തന്നെയൊന്ന് താഴ്ത്തിക്കെട്ടാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ‘ട്രാൻസ് വ്യക്തി’ എന്നതാണെന്നും എന്നാൽ അതിനെ താൻ ഒരു അധിക്ഷേപവാക്കായി കാണുന്നില്ലെന്നും അനന്ദിത വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനന്ദിത തൻ്റെ മാതൃകാപരമായ നിലപാട് തുറന്നുപറഞ്ഞത്. മകളുടെ ഈ ശക്തമായ നിലപാടിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ട് ഖുശ്ബുവും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
ട്രാൻസ്ഫോബിക് (ട്രാൻസ് വ്യക്തികളോടുള്ള വിദ്വേഷം) ആയ രീതിയിൽ ആളുകൾ തന്നെ വിളിക്കുമ്പോൾ അതിൽ അപകർഷതാബോധം തോന്നേണ്ട കാര്യമില്ലെന്നാണ് അനന്ദിതയുടെ പക്ഷം. ട്രാൻസ് സമൂഹത്തിലുള്ളവർ മനോഹരമായ വ്യക്തിത്വത്തിന് ഉടമകളാണെന്നും, അവരുമായി തന്നെ ഉപമിക്കുന്നത് ഒരു തരത്തിലും അപമാനമായി കരുതുന്നില്ലെന്നും അനന്ദിത കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ വിദ്വേഷ കമൻ്റുകളോട് വളരെ പക്വതയോടെ പ്രതികരിച്ച മകളെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നാണ് ഖുശ്ബു കുറിച്ചത്. ഒപ്പം, മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥയെ ഖുശ്ബു വിമർശിക്കുകയും ചെയ്തു. മകളുടെ നിലപാടിനെ പ്രശംസിച്ചുകൊണ്ടുള്ള ഖുശ്ബുവിൻ്റെ പോസ്റ്റും അനന്ദിതയുടെ അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
“ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരാണെന്ന് ഞാൻ കരുതുന്നു. ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും ദയയുള്ളവർ ട്രാൻസ് വിഭാഗങ്ങളിൽനിന്നുമുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ട്രാൻസ് വ്യക്തിയെപ്പോലെയാണ് എന്നതാണ്. ഇതെന്നെ സങ്കടപ്പെടുത്താൻ വേണ്ടി മാത്രമല്ല ചെയ്യുന്നത്. അവരുടെ ഹോമോഫോബിയയും വിവരമില്ലായ്‌മയും ഒപ്പം പുറത്തുവരികയാണ്.” അനന്ദിത പറഞ്ഞു.
“ഞാൻ ഒരു സ്ത്രീയാണ്. പരമാവധി ദയയോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ എനിക്ക് നിയന്ത്രിക്കാനാവില്ല. ഞാൻ ഒരു ചിത്രം പങ്കുവെച്ചാൽ അതിന് താഴെ വരുന്ന ഭൂരിഭാഗം കമൻ്റുകളും ഞാൻ എത്രത്തോളം വിരൂപയാണ് എന്ന് പറയുന്നവയാണ്. ഇപ്പോൾ ഞാൻ അതിനെയെല്ലാം പ്രതിരോധിക്കാൻ പഠിച്ചു.” അനന്ദിത കൂട്ടിച്ചേർത്തു.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ മകളെ പ്രശംസിച്ച് ഖുശ്ബു രംഗത്തെത്തി. അനന്ദിതയുടെ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് പ്രശംസ. ‘നിന്നെയോർത്ത് ഏറെ അഭിമാനിക്കുന്നു എന്റെ ബൊമൈ’, എന്ന് ഖുശ്‌ബു കുറിച്ചു. അനന്ദിതയും സിനിമാ മേഖലയിൽ സജീവമാണ്. ഖുശ്ബുവും എ.സി.എസ്. അരുൺ കുമാറും ചേർന്ന് നിർമിച്ച് അശ്വിൻ കന്തസാമി സംവിധാനം ചെയ്ത ‘ഡബിൾ ഒക്യുപൻസി’ എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ് അനന്ദിത. 23-കാരിയായ ഇവർ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങളുടെയും ഭാഗമായിരുന്നു.