പ്രതിയുമായി സംസാരിച്ചിട്ടുണ്ട്, ധർമസ്ഥല വിവാദങ്ങളിൽ പങ്കില്ല; പ്രകാശ് രാജ്

','

' ); } ?>

ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി നടൻ പ്രകാശ് രാജ്. കേസിലെ പ്രതിയായ ചിന്നയ്യയുമായി ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ച അദ്ദേഹം, വെളിപ്പെടുത്തലുകൾ നടത്താൻ താൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രനഗരമായ ധർമസ്ഥലയുടെ പരിപാവനത തകർക്കാൻ പ്രകാശ് രാജും സാമൂഹികപ്രവർത്തകൻ ഗിരീഷ് മട്ടന്നവരും ചേർന്ന് തന്നെ നിർബന്ധിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ആഴ്‌ച ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് താരം നിലപാട് വ്യക്തമാക്കിയത്. വെളിപ്പെടുത്തലിനായി കേരളത്തിൽനിന്ന് 200 കോടി രൂപ എത്തിയെന്ന ആരോപണത്തെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

സാമൂഹികപ്രവർത്തകൻ ഗിരീഷ് മട്ടന്നവർ പറഞ്ഞതനുസരിച്ചാണ് ചിന്നയ്യ തമിഴിൽ തന്നെ ഫോണിൽ വിളിച്ചതെന്ന് പ്രകാശ് രാജ് വിശദീകരിച്ചു. ഒട്ടേറെ സത്യങ്ങൾ പുറത്തുപറയാനുണ്ടെന്നും എന്നാൽ ജീവനു ഭീഷണിയുണ്ടെന്നും ചിന്നയ്യ അറിയിച്ചു. സത്യം തുറന്നുപറഞ്ഞാൽ താനടക്കമുള്ളവർ ഒപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയ പ്രകാശ് രാജ്, നേരിട്ടുകാണാൻ ചിന്നയ്യ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അതിനു തയ്യാറായില്ല. കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തോട് (എസ്.ഐ.ടി.) പറയാൻ നിർദേശിക്കുകയും കൂടുതൽ വിവരങ്ങൾ ശബ്ദ്‌ദസന്ദേശമായി അയക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.

ഈ വിവരങ്ങളും ലഭിച്ച ശബ്ദ്‌ദസന്ദേശവും അപ്പോൾത്തന്നെ എസ്.ഐ.ടി. തലവൻ പ്രണവ് മൊഹന്തിയെ അറിയിച്ചിരുന്നു. ചിന്നയ്യ പറയുന്നത് കളവാണെന്നും ഇയാളിൽനിന്ന് അകലം പാലിക്കണമെന്നും അന്വേഷണസംഘം നിർദേശിച്ചതനുസരിച്ച് പിന്നീട് താൻ അതിൽനിന്ന് പിന്മാറുകയായിരുന്നു. താൻ ഒരിക്കലും ധർമസ്ഥലയിൽ പോയിട്ടില്ലെന്നും ഈ വിവാദങ്ങളുമായി തനിക്ക് ഇതിൽ കൂടുതൽ യാതൊരു ബന്ധവുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.