ഒരുലക്ഷം രൂപ തരാം, പകരം ‘വിട്ടുവീഴ്‌ച’ ചെയ്യണം എന്ന് പറഞ്ഞു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി

','

' ); } ?>

കരിയറിന്റെ തുടക്കകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി മാൻവി ഗാഗ്രു. ‘ടു ഗേൾസ് ആൻഡ് ടു കപ്പ്സ്’ എന്ന പോഡ്‌കാസ്റ്റിലാണ് സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. കരിയറിന്റെ ആദ്യ നാളുകളിൽ സിനിമാലോകത്തെ ചില അപരിചിതമായ കീഴ്‌വഴക്കങ്ങളും അവിടെ ഉപയോഗിക്കുന്ന പ്രത്യേക കോഡ് വാക്കുകളുമെല്ലാം തന്നെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നതായും മാൻവി വ്യക്തമാക്കി. സിനിമാ പശ്ചാത്തലമുള്ള ആരുമായും യാതൊരുവിധ ബന്ധവുമില്ലാതെയാണ് താൻ ഈ മേഖലയിലേക്ക് കടന്നുവന്നതെന്നും താരം കൂട്ടിച്ചേർത്തു.

‘ഞാൻ എന്റെ അഭിനയജീവിതത്തിൻ്റെ തുടക്കത്തിലായിരുന്നു. അന്നൊരു ദിവസം എനിക്കൊരു ടെക്സ്റ്റ് മെസേജ് വന്നു. പുതിയ സിനിമയിൽ അവസരത്തിനായി ഒരുലക്ഷം രൂപ തരാം, പകരം ‘വിട്ടുവീഴ്‌ച’ ചെയ്യണം എന്നായിരുന്നു ആ മെസേജിലെ വാഗ്ദാനം. എന്നാൽ അന്ന് അതിന്റെ അർഥമെന്താണെന്ന് എനിക്ക് മനസിലായില്ല. അതുകൊണ്ട് തന്നെ ആ മെസേജ് എന്നിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.

എന്റെ കരിയറിൻ്റെ തുടക്കകാലമായിരുന്നു അത്. ‘വിട്ടുവീഴ്ച ചെയ്യണമെന്നോ?’ എന്ന് ഞാൻ അയാൾക്ക് മറുപടി നൽകി. കാരണം അതിന്റെ അർഥം അന്ന് എനിക്ക് അറിയില്ലായിരുന്നു. തുടർന്ന് ആ മെസേജ് എന്റെ മെന്ററെ പോലെ കരുതുന്ന കാസ്റ്റിങ് ഡയറക്‌ടറെ കാണിച്ചു. മെസേജ് ഉടൻ ഡിലീറ്റ് ചെയ്യാനും ആ നമ്പർ ബ്ലോക്ക് ചെയ്യാനും അദ്ദേഹം എന്നോട് നിർദേശിച്ചു.’ മാൻവി പറഞ്ഞു.

‘രേഖാമൂലമുള്ള തെളിവാകുമെന്നതിനാൽ ഇത്തരം കാര്യങ്ങൾ ആളുകൾ സാധാരണരീതിയിൽ മെസേജിലൂടെ ആവശ്യപ്പെടാറില്ല എന്നതിനാൽ അത്തരമൊരു ടെക്സ്റ്റ് മെസേജ് ലഭിച്ചത് തന്നെ അതിശയിപ്പിച്ചുവെന്നും അവർ പറഞ്ഞു. അത്തരം ആളുകൾ ഫോണിലൂടെ കാര്യം പറയുകയാണ് പതിവ്. അങ്ങനെ ചെയ്‌താൽ ആർക്കും പരാതിപ്പെടാൻ കഴിയില്ലല്ലോ. അതിനാൽ തന്നെ ഈ മെസേജ് തന്നെ ശരിക്കും അതിശയിപ്പിച്ചു.

വിട്ടുവീഴ്ച ചെയ്യണമെന്ന് പറഞ്ഞതിനെ അന്ന് താൻ വളരെ നിഷ്‌കളങ്കമായാണ് കണ്ടത്. ജിഎസ്‌ടി പോലുള്ള, സാമ്പത്തികവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമാകും അതുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് താൻ അന്ന് കരുതിയത്. അതേക്കുറിച്ച് അന്ന് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്നും താരം പറഞ്ഞു. ‘നെപ്പോ കിഡ് അല്ലാത്ത പുതുമുഖങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്. ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകുകയെന്നത് എളുപ്പമല്ല.

ഡെബൊണയർ മാഗസിനിൽ നിന്ന് ഫോട്ടോഷൂട്ടിനുള്ള അവസരം വന്നപ്പോഴുണ്ടായ അനുഭവവും താരം പറഞ്ഞു. ആ മാഗസിനെ കുറിച്ച് നിക്ക് ഒന്നും അറിയില്ലായിരുന്നു. അത്തരമൊരു അവസരം ലഭിച്ചപ്പോൾ ഞാൻ ആവേശഭരിതയായി. ഇക്കാര്യം ഞാൻ ഡേറ്റ് ചെയ്യുന്നയാളുമായി പങ്കുവെച്ചു. മാഗസിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ അവൻ പറഞ്ഞു. അങ്ങനെ അന്വേഷിച്ചപ്പോഴാണ്, അത് ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു അവസരമല്ല എന്ന് മനസിലായത്. ഉടൻ തന്നെ അവരുടെ വാഗ്ദാനം ഞാൻ നിരസിച്ചു’. മാൻവി ഗാഗ്രു കൂട്ടിച്ചേർത്തു.