
താൻ നേരിടുന്ന കഠിനമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത ഗായകൻ സോനു നിഗം. നാഡികളിൽ ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയുമുള്ള ‘പിഞ്ച്‌ഡ് നെർവ്‌സ്’ എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്.
ജൂൺ 27-ന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ നടക്കാനിരിക്കുന്ന വലിയൊരു ലൈവ് ഷോയ്ക്ക് മുന്നോടിയായാണ് ഈ തുറന്നുപറച്ചിൽ. വളരെക്കാലത്തിന് ശേഷമാണ് താൻ ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്നതിനാൽ, കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും നിശ്ചയിച്ച പ്രകാരം ഷോയുമായി മുന്നോട്ട് പോകുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം. ആരാധകർക്ക് നൽകിയ വാക്ക് പാലിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് സോനു നിഗം വ്യക്തമാക്കി.
കഴിഞ്ഞയാഴ്‌ച മുതൽ ഇതിനായുള്ള മെഡിക്കൽ പരിശോധനകളും ചികിത്സകളും നടത്തിവരികയാണെന്ന് ബുധനാഴ്ച്‌ച പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഒരാഴ്‌ചയായി എംആർഐ, സിടി സ്‌കാനുകൾ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാവുകയും ധാരാളം മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വേദന പൂർണ്ണമായി നിയന്ത്രിക്കാനാകുന്നില്ല. നിലവിൽ ഫിസിയോതെറാപ്പി സെഷനുകൾ വളരെ വേദനാജനകമാണ്. വേദന കുറയ്ക്കുന്നതിനായി ശക്തമായ വേദനസംഹാരികൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇവയുടെ പാർശ്വഫലമായി തൊണ്ടയ്ക്ക് ഒരുതരം ഭാരക്കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നും സോനു നിഗം കൂട്ടിച്ചേർത്തു.
ആരോഗ്യപരമായ വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, പാടാനുള്ള അദ്ദേഹത്തിൻ്റെ ഈ അസാധ്യ സമർപ്പണത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിച്ച പ്രിയ ഗായകന് സോഷ്യൽ മീഡിയയിലുടനീളം വലിയ രീതിയിലുള്ള പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.