ലിപ് മൂവ്മെന്റും ഡബ്ബിംഗും രണ്ട് വഴിക്ക്; തൃഷയ്ക്ക് വിമർശനം

','

' ); } ?>

രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ ലോകത്ത് മുൻനിര നായികയായി തിളങ്ങിനിൽക്കുന്ന തൃഷ കൃഷ്ണൻ, അഭിനയത്തിൽ ഇത്രയും അനുഭവസമ്പത്തുണ്ടായിട്ടും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ തയ്യാറാകാത്തതിനെതിരെ പ്രേക്ഷകർക്കിടയിൽ വ്യാപക വിമർശനമുയരുന്നു. തമിഴ് നന്നായി കൈകാര്യം ചെയ്യാൻ അറിയാമായിരുന്നിട്ടും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളായ ’96’, ‘പൊന്നിയൻ സെൽവൻ’ തുടങ്ങിയവയിൽ പോലും തൃഷയല്ല ശബ്ദം നൽകിയത്. ഒരു മുൻനിര താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥകൾ അഭിനേത്രിയെന്ന നിലയിലുള്ള വലിയ പോരായ്മയായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങി 308 കോടിയോളം രൂപ ബോക്സ് ഓഫീസ് കലക്ഷൻ നേടിയ ‘കറുപ്പ്’ എന്ന സിനിമ ഒടിടിയിലെത്തിയതോടെ തൃഷ വലിയ രീതിയിലുള്ള ട്രോളുകൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ തൃഷയുടെ ലിപ് മൂവ്മെന്റും ഗായിക ചിന്മയി നിർവ്വഹിച്ച ഡബ്ബിംഗും രണ്ട് വഴിയിലാണെന്നാണ് പ്രേക്ഷകരുടെ പ്രധാന ആക്ഷേപം. തൃഷ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയൻതാരയും സമാനമായ വിമർശനം നേരിടുന്നുണ്ട്. തമിഴ് കൈകാര്യം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ലാതിരുന്നിട്ടും വർഷങ്ങളായി ദീപ വെങ്കട്ടിന്റെ ശബ്ദമാണ് നയൻതാര സിനിമകളിൽ ഉപയോഗിക്കുന്നത്. നായികപ്രാധാന്യമുള്ള സിനിമകളിൽ പോലും മറ്റൊരാളുടെ ശബ്ദത്തെ ആശ്രയിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് സിനിമാപ്രേമികളുടെ പക്ഷം. മലയാളത്തിൽ ‘ഇലക്ട്ര’, ‘പുതിയ നിയമം’, ‘നിഴൽ’ തുടങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് നയൻതാര സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളത്.

തെന്നിന്ത്യൻ സിനിമയിൽ നായികമാർക്ക് ഡബ്ബിംഗിനായി മറ്റുള്ളവരെ ആശ്രയിക്കാമെങ്കിലും, നായക നടന്മാർക്ക് ഈ ആനുകൂല്യമില്ലെന്നതാണ് വസ്തുത. നായകൻമാർ മറ്റൊരാളുടെ ശബ്ദത്തിൽ സംസാരിച്ചാൽ തമിഴ്, തെലുങ്ക് പ്രേക്ഷകർ അത് ഒരിക്കലും സ്വീകരിക്കാറില്ല. അതേസമയം ബോളിവുഡ്, മോളിവുഡ് തുടങ്ങിയ മറ്റ് സിനിമാ വ്യവസായങ്ങളിൽ സ്വന്തമായി ഡബ്ബ് ചെയ്യാത്ത നടിമാർക്ക് വലിയ സ്ഥാനമുണ്ടാകാറില്ല. അവിടെ മുൻനിര നായികമാരെല്ലാം അന്നും ഇന്നും സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വലിയ ബഹുമാനവും താരമൂല്യവുമുള്ള മുൻനിര നായികമാർ പോലും ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഇപ്പോഴും വിട്ടുനിൽക്കുകയാണ്.