
ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായി. പ്രശസ്ത മാഗസിനായ ‘എസ്ക്വയറിന്’ നൽകിയ അഭിമുഖത്തിൽ ടോം ഹോളണ്ട് തന്നെയാണ് ഇരുവരും അതീവ രഹസ്യമായി വിവാഹിതരായ വിവരം ആദ്യമായി പരസ്യമാക്കിയത്. ഹോളിവുഡ് സിനിമാ ലോകവും ലോകമെമ്പാടുമുള്ള ആരാധകരും ഏറെ നാളായി കാത്തിരുന്ന ഈ വാർത്ത പങ്കുവെച്ചെങ്കിലും, വിവാഹം എവിടെ വെച്ചാണ് നടന്നതെന്നോ മറ്റ് കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ താരം തയ്യാറായില്ല.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ എഐ നിർമിതമായ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു. അഭിമുഖത്തിനിടയിൽ ഈ വ്യാജ ചിത്രങ്ങളെക്കുറിച്ചും കുടുംബാംഗങ്ങളോട് ഇതിനെപ്പറ്റി വിശദീകരിക്കേണ്ടി വന്നോ എന്നതിനെക്കുറിച്ചുമുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് ഹോളണ്ട് അപ്രതീക്ഷിതമായി യഥാർഥ വിവാഹ വാർത്ത പുറത്തുവിട്ടത്. “ഇല്ല, എനിക്ക് ആരോടും വിശദീകരിക്കേണ്ടി വന്നില്ല. കാരണം അവരെല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ അവിടെ നേരിട്ടെത്തിയിരുന്നു,” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഹോളണ്ടിൻ്റെ മറുപടി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ താരം, “ഇതേക്കുറിച്ച് നിങ്ങൾക്ക് ഇനി ഇത്രമാത്രമേ ലഭിക്കു” എന്ന് തമാശ രൂപേണ കൂട്ടിച്ചേർക്കുകയും ചെയ്തു.
സെൻഡായയുമായുള്ള തൻ്റെ ആഴമേറിയ ബന്ധത്തെക്കുറിച്ചും ടോം ഹോളണ്ട് അഭിമുഖത്തിൽ വാചാലനായി. കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞ സിനിമാ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന, കാലത്തെ അതിജീവിക്കുന്ന ഒരു ശക്തമായ പങ്കാളിയെയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഏറ്റവും നല്ല സുഹൃത്തായ അവൾക്കൊപ്പം ആയിരിക്കുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷവും സുരക്ഷിതത്വവും തോന്നുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2016-ൽ പുറത്തിറങ്ങിയ ‘സ്പൈഡർമാൻ: ഹോംകമിങ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും 2021-ലാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കുന്നത്. എപ്പോഴും സ്വകാര്യ ജീവിതം മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. ജൂലൈയിൽ റിലീസിനൊരുങ്ങുന്ന ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’, ക്രിസ്റ്റഫർ നോളന്റെ ‘ദ് ഒഡീസി’ എന്നിവയാണ് ഈ സൂപ്പർ ജോഡികൾ ഒന്നിച്ചഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.