‘ദൃശ്യം 3’-ന്റെ വൻവിജയം; ഫഹദിനൊപ്പം രണ്ടു പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോ

','

' ); } ?>

‘ദൃശ്യം 3’-ന്റെ വൻവിജയത്തിന് പിന്നാലെ, ബോളിവുഡിലെ പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് രണ്ട് പുതിയ മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. ശ്രദ്ധേയ നിർമ്മാതാവും മാക്സ്സ്ലാബ് സിനിമാസ് ആൻഡ് എൻറർടെയ്ൻമെൻ്റ്സ് അമരക്കാരനുമായ ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് ഈ രണ്ട് പ്രൊജക്റ്റുകളിലും പ്രധാന വേഷത്തിൽ എത്തുന്നത്. നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ ചിത്രങ്ങൾ 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’, ‘മാലിക്’, ‘ആവേശം’, ‘പുഷ്പ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ ഫഹദിന്റെ ശക്തമായ കഥാപാത്ര തിരഞ്ഞെടുപ്പുകൾ പുതിയ സിനിമകൾക്കും വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. ശക്തമായ തിരക്കഥകളും അണിയറപ്രവർത്തകരുടെ മികച്ച കാഴ്ചപ്പാടുമാണ് തന്നെ ഈ പ്രൊജക്റ്റുകളിലേക്ക് ആകർഷിച്ചതെന്നും, അടുത്ത വർഷത്തോടെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഫഹദ് ഫാസിൽ പ്രതികരിച്ചു. ഒരു നടനെന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്നതും പ്രേക്ഷകർക്ക് പുതുമ നൽകുന്നതുമായ സിനിമകളുടെ ഭാഗമാകാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഓംകാര’, ‘പ്യാർ കാ പഞ്ച്‌നാമ’, ‘ദൃശ്യം’, ‘റെയ്‌ഡ്’, ‘ശൈത്താൻ’ തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസ് ഇപ്പോൾ മലയാള സിനിമയിലും സജീവ സാന്നിധ്യമാവുകയാണ്. മലയാളത്തിലെ മികച്ച കഥപറച്ചിൽ രീതികളിലുള്ള വിശ്വാസമാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്നും ഫഹദ് ഫാസിൽ നായകനാകുന്നതോടെ പ്രൊജക്റ്റിന്റെ ആവേശം ഇരട്ടിയായെന്നും പനോരമ സ്റ്റുഡിയോസ് പ്രൊഡ്യൂസർ കുമാർ മങ്കാത് പഥക് വ്യക്തമാക്കി. കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ ഫഹദിനേക്കാൾ മികച്ച മറ്റൊരു ചോയ്സ് ഇല്ലെന്നാണ് പ്രൊഡ്യൂസർ അഭിഷേക് പഥക് അഭിപ്രായപ്പെട്ടത്. നല്ല കൂട്ടായ്മകളാണ് നല്ല സിനിമകൾ സൃഷ്ടിക്കുന്നതെന്നും പനോരമ സ്റ്റുഡിയോസിനും ഫഹദിനുമൊപ്പം ചേരുമ്പോൾ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാമെന്നും നിർമ്മാതാവ് ജേക്കബ് ബാബു പറഞ്ഞു.

‘ദൃശ്യം 3’ കൂടാതെ റഹ്‌മാൻ-ഭാവന കൂട്ടുകെട്ടിന്റെ ‘അനോമി’, ആസിഫ് അലിയുടെ ‘ടി കിടാക’, കുഞ്ചാക്കോ ബോബൻ-ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’, നിവിൻ പോളിയുമായുള്ള പുതിയ പ്രൊജക്റ്റ് എന്നിവയാണ് പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മറ്റ് ചിത്രങ്ങൾ. പുതിയ രണ്ട് സിനിമകളുടെയും സംവിധായകർ, മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വാർത്താ പ്രചാരണം: ആതിര ദിൽജിത്ത്.