
മനക്കരുത്തും കഠിനാധ്വാനവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ നടി ഗ്രേസ് ആന്റണി. ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു ഘട്ടത്തിൽ നിന്ന് നൃത്തത്തിലേക്കും പൂർണ്ണ ഫിറ്റ്നസിലേക്കും താരം നടത്തിയ തിരിച്ചുവരവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മാസങ്ങൾ നീണ്ട തന്റെ കഠിനമായ വെയിറ്റ് ലോസ് യാത്ര ചുരുങ്ങിയ സെക്കൻഡുകൾക്കുള്ളിൽ കോർത്തിണക്കിയ ജിം വർക്കൗട്ട് വിഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
“മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കൻഡുകളിൽ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വിഡിയോയിൽ ഏറ്റവും ശ്രദ്ധേയമായത് താരം നൽകിയ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്. ‘ആരാണ് നിങ്ങളുടെ പ്രചോദനം?’ എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ!’ എന്നാണ് ഗ്രേസ് മറുപടി നൽകിയത്. മറ്റൊരാളിലേക്ക് നോക്കാതെ, സ്വന്തം പോരായ്മകളെയും പ്രതിസന്ധികളെയും അതിജീവിച്ച് സ്വയം പ്രചോദനമാകാൻ കഴിഞ്ഞതാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് താരം അടിവരയിടുന്നു.
വ്യക്തിഗത ട്രെയിനർ അലി ഷിഫാസിന്റെ കർശനമായ മാർഗനിർദ്ദേശങ്ങളോടെയാണ് താരം ഈ ശാരീരിക മാറ്റം കൈവരിച്ചത്. #hardwork, #proudofmyself, #weightlossjourney തുടങ്ങിയ ഹാഷ്ടാഗുകളോടെ ഗ്രേസ് പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പ്രമുഖ താരങ്ങളും ആരാധകരും ഗ്രെയ്സിന്റെ കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. പലർക്കും വലിയൊരു ഇൻസ്പിരേഷനാണ് ഗ്രേസിന്റെ ഈ പുതിയ ലുക്ക്.