
സ്ത്രീകളുടെ ജീവിതത്തിലെ തികച്ചും സ്വാഭാവികമായ ശാരീരിക പരിവർത്തന ഘട്ടമായ ആർത്തവവിരാമത്തെ ഭയത്തോടെയോ രഹസ്യമായോ കാണേണ്ടതില്ലെന്ന് നടി ജെനീലിയ ഡിസൂസ ദേശ്‌മുഖ്. ആർത്തവവിരാമം എന്നാൽ പ്രായമാകുന്നതിൻ്റെയോ ഭംഗി കുറയുന്നതിൻ്റെയോ അടയാളമല്ലെന്നും, ശരീരം ഒരു പുതിയ താളത്തിലേക്ക് പ്രവേശിക്കുന്ന മനോഹരമായ പ്രക്രിയയാണെന്നും താരം ഓർമ്മിപ്പിച്ചു. ‘ഷീ ദ പീപ്പിളു’മായി നടത്തിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ചുള്ള തന്റെ ശക്തമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
ആർത്തവവിരാമത്തെ വാർദ്ധക്യത്തോടും സൗന്ദര്യമില്ലായ്മയോടും ഉപമിക്കുന്ന സമൂഹത്തിലെ പൊതുബോധത്തെ ജെനീലിയ ശക്തമായി എതിർത്തു. ആർത്തവവിരാമത്തിലേക്ക് എത്തുമ്പോൾ പ്രായക്കൂടുതൽ തോന്നിക്കുമെന്ന ഭയം കാരണമാണ് പല സ്ത്രീകളും ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ മടിക്കുന്നതെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രായമാകുന്നത് വളരെ മനോഹരമായ ഒരു കാര്യമാണെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ജെനീലിയയുടെ പക്ഷം. തനിക്ക് ഇനി ഒരിക്കലും 20 വയസ്സിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും, 40-കളിൽ താൻ കൂടുതൽ സ്വതന്ത്രയും സന്തോഷവതിയുമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഉറക്കമില്ലായ്മ, പെട്ടെന്നുണ്ടാകുന്ന മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ കഠിനമായ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും, ഒന്നും സംഭവിക്കാത്തതുപോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇന്നും സ്ത്രീകൾ നിർബന്ധിതരാകുന്നുണ്ട്. സമൂഹത്തിൽ വളരെ കുറച്ചുപേർ മാത്രമേ ഇതേക്കുറിച്ച് തുറന്നുസംസാരിക്കാൻ ധൈര്യം കാണിക്കാറുള്ളൂ എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ജെനീലിയയുടെ ഈ പ്രതികരണം. ആർത്തവവിരാമം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതും, അവർക്ക് സമൂഹത്തിൽ കൃത്യമായ ഇടവും പിന്തുണയും നൽകേണ്ടതുമായ ഒരു പരിവർത്തന ഘട്ടമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് താരം വാക്കുകൾ അവസാനിപ്പിച്ചത്.