ലക്ഷ്മി പ്രിയക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്ത് അൻസിബ; നടപടി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിൽ

','

' ); } ?>

നടി ലക്ഷ്മി പ്രിയയ്ക്കും, ഭർത്താവിനും, വനിതാ എസ്ഐക്കുമെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ കോടതിയിലാണ് അൻസിബ ഹർജി നൽകിയത്. പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അൻസിബ നേരിട്ട് കോടതിയെ സമീപിച്ചത്.

ഫോണിലൂടെ അയച്ച സന്ദേശത്തിന്റെ പേരിൽ ലക്ഷ്മി പ്രിയ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ പോലീസ് തന്നെ മൂന്ന് മണിക്കൂറോളം സ്റ്റേഷനിൽ തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നും, ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നും അൻസിബ ആരോപിക്കുന്നു. ജനുവരിയിൽ നടന്ന ഈ സംഭവത്തിൽ, ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ നാല് മാസത്തിന് ശേഷമാണ് അൻസിബ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു തൃക്കാക്കര എസിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ട്. സ്റ്റേഷനിൽ ഒരു മണിക്കൂർ മാത്രമാണ് നടി ഇരുന്നതെന്നും എസ്ഐ മോശമായി പെരുമാറിയിട്ടില്ലെന്നും ഇതിന് തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അൻസിബയുടെ പരാതി പോലീസ് തള്ളിയതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ലക്ഷ്മി പ്രിയയും രംഗത്തെത്തി. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ ചില വർഗീയ വാദികളുണ്ടെന്ന് സംശയിക്കുന്നതായും വലിയൊരു അജണ്ടയുടെ ഭാഗമാണിതെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി സത്യം പുറത്തുകൊണ്ടുവന്ന തൃക്കാക്കര എസിപിക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു. തന്നെ തളർത്താനാണ് അൻസിബയുടെ ശ്രമമെങ്കിൽ അതിന് വഴങ്ങില്ലെന്നും, നടിക്കെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് അന്വേഷണം തുടരുകയാണ്. അൻസിബയുടെ മൊഴി പകർപ്പ് എസിപിക്ക് കൈമാറിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ലക്ഷ്മി പ്രിയ അൻസിബക്കെതിരെ നൽകിയ പരാതിയും പോലീസ് നേരത്തെ തള്ളിയിരുന്നു. കോടതി നടപടികളിലേക്ക് നീങ്ങിയതോടെ താരങ്ങൾ തമ്മിലുള്ള തർക്കം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.