“വിജയ്ക്ക് വേണ്ടി ‘അമ്മ നേരിട്ടിറങ്ങി”; വീണ്ടും ഒന്നിച്ച് വിജയ്‍യും സംഗീതയും?

','

' ); } ?>

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ കുടുംബാംഗങ്ങൾ ശക്തമായി രംഗത്തിറങ്ങിയതായി റിപ്പോർട്ട്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന ബന്ധുക്കളുടെ ഇടപെടലിനെത്തുടർന്ന് ലണ്ടനിലായിരുന്ന സംഗീത ചെന്നൈ നീലാംകരെയിലെ വീട്ടിൽ തിരിച്ചെത്തിയെന്നും, ഇരുവരും ഭിന്നതകൾ മറന്ന് വീണ്ടും ഒന്നിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. ജൂൺ 22-ന് വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിലെയും ആരാധകർക്കിടയിലെയും പ്രധാന ചർച്ച. മുമ്പ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം മാറ്റുന്നതിലും അമ്മ ശോഭ മുൻകൈ എടുത്തിരുന്നു.

അതേസമയം, സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ജൂൺ 15-ന് ചെങ്കൽപ്പെട്ട് ജില്ലാ കുടുംബ കോടതി പരിഗണിക്കും. സുരക്ഷാ കാരണങ്ങളാൽ ഇരുവരും നേരിട്ട് ഹാജരാകാതെ അഭിഭാഷകർ മുഖേന വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാനാണ് സാധ്യത. ഫെബ്രുവരിയിൽ നടന്ന മുൻ വാദം കേൾക്കലിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിങ്ങിന് അനുമതി നൽകിയതായാണ് വിവരം.

ബ്രിട്ടീഷ് പൗരത്വമുള്ള സംഗീത ചെങ്കൽപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെയാണ് 26 വർഷത്തെ ദാമ്പത്യത്തിലെ തർക്കങ്ങൾ പരസ്യമായത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും അത് തിരുത്താൻ തയ്യാറായില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിലുള്ളത്. കഴിഞ്ഞ കുറച്ചുകാലമായി വിജയ്‌യുടെ സിനിമകളുടെ ഓഡിയോ ലോഞ്ചുകളിൽ നിന്നും രാഷ്ട്രീയ പരിപാടികളിൽ നിന്നും സംഗീത വിട്ടുനിന്നിരുന്നു. വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യയോ മക്കളോ പങ്കെടുത്തിരുന്നില്ല. എന്നാൽ, ചടങ്ങിൽ നടി തൃഷ പങ്കെടുത്തത് തമിഴ് രാഷ്ട്രീയത്തിലും സിനിമാമേഖലയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

നിലവിൽ പ്രചരിക്കുന്ന ഒത്തുതീർപ്പ് വാർത്തകളോട് വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോടതിയിലുള്ള വിവാഹമോചന നടപടികളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും വരും ദിവസങ്ങളിലേ വ്യക്തത വരൂ. എങ്കിലും പ്രിയതാരം കുടുംബജീവിതത്തിലേക്ക് സന്തോഷത്തോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.