
കേരളത്തിൽ നാർക്കോ ഭീകരവാദം നടക്കുന്നുണ്ടെന്ന ഹിമവൽ ഭദ്രാനന്ദയുടെ (തോക്ക് സ്വാമി) ആരോപണത്തിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ ഭദ്രാനന്ദ പരോക്ഷമായി പരാമർശിച്ച ലഹരി മാഫിയാ തലവൻ സിനിമാ നിർമാതാവും വ്യവസായിയുമായ ഒ.ജി സുനിൽ ആണെന്ന് സായ് കൃഷ്ണ ആരോപിച്ചു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ബിസിനസുകാരനാണ് കേരളത്തിലേക്ക് ലഹരി ഒഴുക്കുന്നതെന്നായിരുന്നു ഹിമവൽ ഭദ്രാനന്ദയുടെ പ്രസ്താവന. ഇത് ‘ഓജീസ് കാന്താരി’ എന്ന സ്ഥാപനം നടത്തുന്ന ഒ.ജി സുനിൽ ആണെന്നും, ഇയാൾക്കെതിരെ യാതൊരുവിധ അന്വേഷണങ്ങളും നടക്കാത്തതിന് പിന്നിൽ വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സായ് കൃഷ്ണ വ്യക്തമാക്കി.
മരട് അനീഷ് അടക്കമുള്ള ക്രിമിനലുകൾ ഉൾപ്പെടെ നിരവധി പേർ സുനിലിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടിയുണ്ടാകുന്നില്ല എന്നത് ദുരൂഹമാണ്. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടക്കുമ്പോഴും എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ ഇയാളെ തൊടുന്നില്ല. ബി.ജെ.പിയുടെ സംരക്ഷണം ഇയാൾക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സായ് പറഞ്ഞു. പോലീസിലെയും സിസ്റ്റത്തിലെയും ചിലർ സുനിലിന് വിവരങ്ങൾ ചോർത്തി നൽകുകയും, ഇയാൾക്കെതിരെയുള്ള കാര്യങ്ങൾ പൂഴ്ത്തിവെക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും സായ് കൃഷ്ണ ആരോപിച്ചു. കൃത്യമായ തെളിവുകൾ ആരുടേയും പക്കൽ ഇല്ലാത്തതാണ് പലരും ഇയാൾക്കെതിരെ സംസാരിച്ചിട്ടും നടപടിയുണ്ടാകാത്തതിന് കാരണം.
അതേസമയം, ലഹരി മാഫിയയെ തകർക്കാൻ നടൻ മോഹൻലാൽ സഹായിക്കാമെന്ന് പറഞ്ഞുവെന്ന ഭദ്രാനന്ദയുടെ വാദത്തെ സായ് കൃഷ്ണ രൂക്ഷമായി പരിഹസിച്ചു. മോഹൻലാൽ സിനിമയിലെ ഹീറോയിസം യഥാർത്ഥ ജീവിതത്തിൽ കാണിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വ്യക്തിപരമായ നിലനിൽപ്പിന് മുൻഗണന നൽകുന്ന, തികച്ചും സ്വാർത്ഥനായ ഒരു വ്യക്തിയാണ് മോഹൻലാലെന്നും, കൊറോണ മാറാൻ പാത്രം കൊട്ടാൻ പറഞ്ഞ അദ്ദേഹത്തിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ പ്രായോഗികമായ ഇടപെടൽ പ്രതീക്ഷിക്കാനാവില്ലെന്നും സായ് കൃഷ്ണ വിമർശിച്ചു. സനാതന ധർമ്മത്തിന് സഹായിക്കണമെന്ന് പറഞ്ഞാൽ ഒരുപക്ഷേ അദ്ദേഹം ചെയ്തേക്കാം, എന്നാൽ ലഹരിക്കെതിരെ പോരാടാൻ മോഹൻലാൽ മുൻപന്തിയിൽ വരുമെന്ന് കരുതുന്ന ഭദ്രാനന്ദ മണ്ടനാണെന്നും സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി.