“കൃത്യമായ പരിശോധന നടത്തിയില്ല, ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല”; അഞ്ജു അരവിന്ദ്

','

' ); } ?>

വയറുവേദനയ്ക്ക് കൃത്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിന്റെ മരുന്ന് മാത്രം നല്‍കിയ ഡോക്ടറുടെ ഗുരുതര വീഴ്ചയാണ് തന്റെ അമ്മയുടെ അനിയത്തിയുടെ മരണത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി പ്രമുഖ ചലച്ചിത്ര-സീരിയല്‍ താരം അഞ്ജു അരവിന്ദ്. കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നുവെന്നും താരം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വേദനയോടെ പങ്കുവെച്ചു.

നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് നടി അഞ്ജു അരവിന്ദ് പറയുന്നു. തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെട്ടിരുന്നിട്ടും സാധാരണ ഗ്യാസിന്റെ പ്രശ്‌നമായി കണ്ട് മരുന്ന് നല്‍കുക മാത്രമാണ് ഡോക്ടര്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ ഒരു സ്‌കാനിങ് നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവരെ ഇന്ന് ജീവനോടെ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഒരു രോഗിയോടും ഒരു ഡോക്ടറും ഇത്തരമൊരു വീഴ്ച വരുത്തരുതെന്നും, എല്ലാ പ്രതീക്ഷകളും അവസാനിച്ച് അദ്ദേഹത്തെ അവസാനമായി ഒരുക്കുമ്പോള്‍ തന്റെ മനസ്സ് തകര്‍ന്നുപോയെന്നും അഞ്ജു അരവിന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

രാജാൻ്റി… അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ. ആൻ്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആൻ്റി. ഞാൻ ആദ്യമായി അത് കണ്ടതും ആൻ്റിയിലൂടെയായിരുന്നു. എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആൻ്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി. ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിൽക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാൻ്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ B.A. എടുത്തത്. പിന്നീട് RLV-യിൽ നിന്ന് M.A.യും

പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാൻ്റി തന്നെയാണ്. പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആൻ്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാൻ്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആൻ്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത… തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി.പ്രണാമം.” അഞ്ചു അരവിന്ദ് കുറിച്ചു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഞ്ജു അരവിന്ദ് മികച്ചൊരു നര്‍ത്തകി കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരത്തിന്റെ ഈ ഹൃദയഭേദകമായ കുറിപ്പ് ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.